അരക്ഷിതാവസ്ഥയില്‍ മനസ്സു തകര്‍ന്ന് രാഹുലും രഞ്ജിത്തും ! മരണത്തിനു കീഴടങ്ങും മുമ്പ് രാജന്‍ പറഞ്ഞേല്‍പ്പിച്ച കാര്യം ചെയ്യണമെന്ന ആഗ്രഹത്തോടെ മക്കള്‍;ഉയരുന്നത് പല വിധത്തിലുള്ള ആരോപണങ്ങള്‍…

നെയ്യാറ്റിന്‍കര: പൊന്നു പോലെ മക്കളെ കാത്ത മാതാപിതാക്കള്‍ കാണാദൂരത്തേക്ക് യാത്രയായി. വിധി തനിച്ചാക്കിയ രണ്ടു കുട്ടികള്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാരും ആശ്വാസവാക്കുകളുമായി വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും.

എങ്കിലും രാഹുലിനും രഞ്ജിത്തിനും നാളെകളെക്കുറിച്ച് സ്വാഭാവികമായും മനസിലുണ്ടാവുക ആശങ്കകളുടെ കനല്‍ക്കൂട്ടം.

കഴിഞ്ഞ ഒരാഴ്ചയായി വല്ലാത്ത മാനസിക സംഘര്‍ഷത്തിലാണ് പോങ്ങില്‍ സ്വദേശി രാജന്റെയും അന്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും. 22ന് പൊള്ളലേറ്റ അച്ഛനും അമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

തീവ്രപരിചരണ വിഭാഗത്തില്‍ അച്ഛനും അമ്മയും ജീവനോട് മല്ലിട്ടു കിടക്കുന്‌പോള്‍ പുറത്ത് ഉള്ളുരുകി കഴിയുകയായിരുന്നു രണ്ടു മക്കളും.

കഴിഞ്ഞ ദിവസം ആദ്യം അച്ഛനും പിന്നാലെ വൈകുന്നേരത്തോടെ അമ്മയും ഈ ലോകത്തോടു യാത്ര പറഞ്ഞപ്പോള്‍ കരളില്‍ പലപ്പോഴായി അണകെട്ടി വച്ച സങ്കടവും അമര്‍ഷവും മൂര്‍ച്ചയുള്ള വാക്കുകളായും ചൂടുള്ള കണ്ണീരായും പുറത്തുവന്നു.

പിതാവിന്റെ സംസ്‌കാരത്തിന് ഇളയവനായ രഞ്ജിത്ത് മണ്‍വെട്ടിയുമായി ആഴത്തില്‍ കുഴിയെടുക്കുന്‌പോള്‍ തടയാന്‍ വന്ന പോലീസിനോടുള്ള വാക്കുകളിലും ആ ഹൃദയത്തിലെ അമര്‍ഷത്തിന്റെ ആഴമറിയാം.

എല്ലാത്തിനും സാക്ഷിയായി പോങ്ങില്‍ പ്രദേശം

ഇന്നലെ രാവിലെ മുതല്‍ പോങ്ങില്‍ പ്രദേശം സംഘര്‍ഷാത്മകമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വസ്തു ഒഴിപ്പിക്കാന്‍ കേസ് നല്‍കിയ അയല്‍വാസി വസന്തയുടെ വീടിനു മുന്നിലായിരുന്നു ആദ്യം പ്രതിഷേധം അരങ്ങേറിയത്.

വസന്തയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നീട് നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പോലീസെത്തി വസന്തയെ കരുതല്‍ കസ്റ്റഡിയിലെടുത്തു.

അവരുടെ പേരില്‍ നിയമാനുസൃതമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എ മാരായ കെ. ആന്‍സലന്‍, കെ.എസ്. ശബരീനാഥന്‍, അഡ്വ. എം. വിന്‍സെന്റ്, വി.എസ് ശിവകുമാര്‍ എന്നിവര്‍ രാജന്റെ വീട് സന്ദര്‍ശിച്ചു.

രാജന്‍-അന്പിളി ദന്പതികളുടെ രണ്ടു മക്കളെയും ആശ്വസിപ്പിച്ചു. രാജന്റെയും അന്പിളിയുടെയും മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഏതു തരത്തിലുള്ള വീഴ്ചയാണുണ്ടായതെന്ന് പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വിവാദ വസ്തു വിട്ടു നല്‍കില്ലെന്ന് ഉടമ

വിവാദ വസ്തു വിട്ടുകൊടുക്കാന്‍ തയാറല്ലെന്നായിരുന്നു വസന്തയുടെ നിലപാട്. വസന്തയുടെ വീടിനു മുന്നിലെ പ്രതിഷേധത്തിന്റെ തോത് വര്‍ധിച്ചതോടെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പോലീസെത്തി വസന്തയെ കരുതല്‍ കസ്റ്റഡിയിലെടുക്കുക യായിരുന്നു.


പിന്നീടാണ് അന്പിളിയുടെ മൃതദേഹം ആംബുലന്‍സില്‍ ആശുപത്രിയില്‍ നിന്നും പോങ്ങിലെത്തിച്ചത്. ആംബുലന്‍സിനെ തടഞ്ഞ നാട്ടുകാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ചു.

രാജന്റെയും അന്പിളിയുടെയും മരണത്തിനു കുറ്റക്കാരായ ആളുകളെ അറസ്റ്റ് ചെയ്യണമെന്നും രാജന്റെ മക്കളിലൊരാള്‍ക്ക് ജോലി നല്‍കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.


ജില്ലാ കലക്ടര്‍ നേരിട്ട് വന്ന് ഉറപ്പ് നല്‍കിയതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്ന് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ചു. ഒടുവില്‍ കലക്ടര്‍ നേരിട്ടെത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ഉറപ്പ് കൊടുത്തു.

തുടര്‍ന്ന് രാജനെ സംസ്‌കരിച്ചതിനു അടുത്ത് തന്നെ അന്പിളിയുടെ സംസ്‌കാരവും നടത്തി. രാത്രിയായതോടെ ശ്വാസതടസം നേരിട്ട രഞ്ജിത്തിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അച്ഛന്റെയും അമ്മയുടെയും അകാലവിയോഗവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമെല്ലാം മക്കളായ രഞ്ജിത്തിനെയും രാഹുലിനെയും വല്ലാത്ത ആഘാതത്തിലെത്തിച്ചിരിക്കുകയാണ്.

മാതാപിതാക്കള്‍ കണ്‍മുന്നില്‍ പൊള്ളലേല്‍ക്കുന്നത് കാണേണ്ടി വന്ന ദുരന്തത്തില്‍ നിന്നും അവരുടെ വേര്‍പാടില്‍ നിന്നും ആ കുഞ്ഞുങ്ങള്‍ ഇതുവരെയും മോചിതരായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ഏറെ കടുത്തതാണ്.

ആദ്യം അച്ഛനും അതിനു പിന്നാലെ അമ്മയും യാത്രയായതോടെ അവര്‍ അനാഥത്വത്തിന്റെ പിടിയിലായി. ആശാരിപ്പണിക്കാരനായിരുന്ന പിതാവ് നാട്ടില്‍ വഴിയരികില്‍ വിശന്നു കിടക്കുന്നവര്‍ക്ക് ആവുംവിധത്തില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നു.

മരണത്തിനു കീഴടങ്ങുംമുന്പ് ഇക്കാര്യം മക്കളെ ഓര്‍മ്മിപ്പിച്ച രാജന്‍ ഇനി ആ ദൗത്യം കഴിയുമെങ്കില്‍ മക്കള്‍ ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു

പല ആരോപണങ്ങളും

പോലീസിനു നേരെ ഇന്നലെയും പ്രതിഷേധം ഉയര്‍ന്ന പോങ്ങിലില്‍ വിവിധ തരത്തിലുള്ള ആരോപണങ്ങളും കേട്ടു. 22ന് സംഭവം നടന്നതിനു ശേഷം കഴിഞ്ഞ ദിവസം രാജന്റെയും അന്പിളിയുടെയും മരണം സംഭവിക്കുന്നതിനിടയില്‍ ഈ ദാരുണകൃത്യം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയാറായില്ലെന്നതാണ് ഒരു ആരോപണം.

ശരീരമാകെ പെട്രോളും കയ്യില്‍ ലൈറ്ററുമായി നില്‍ക്കുന്ന ആളിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കാതെ, അദ്ദേഹത്തിന്റെ അടുത്ത് രക്ഷിക്കാനെന്നോണം ചെന്നതാണ് ദുരന്തത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള വാദങ്ങളും ആക്ഷേപങ്ങളുമൊക്കെ വ്യാപകമാകുന്‌പോഴും യഥാര്‍ഥ നഷ്ടം രാഹുലിനും രഞ്ജിത്തിനുമാണ് സംഭവിച്ചത്.

ദുരന്തം നടന്ന പശ്ചാത്തലത്തില്‍ സ്വാഭാവികമായുണ്ടായ പ്രതിഷേധത്തിന്റെയും നേതാക്കള്‍ അടക്കമുള്ളവരുടെ സന്ദര്‍ശനത്തിന്റെയും ആശ്വാസവാക്കുകളുടെയും വാഗ്ദാനങ്ങളുടെയുമൊക്കെ സാന്നിധ്യം ശാന്തമാകുന്‌പോള്‍ രാഹുലിനും രഞ്ജിത്തിനും ബാക്കിയാകുന്നത് തങ്ങള്‍ക്കിനി തങ്ങള്‍ മാത്രമേയുള്ളൂ എന്ന നടുക്കുന്ന യാഥാര്‍ഥ്യം മാത്രം.

Related posts

Leave a Comment