മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്.1997ല് തീയേറ്ററുകളിലെത്തിയ സിനിമ വലിയ വിജയം നേടുകയും, സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും വരെ വര്ഷങ്ങളോളം പ്രേക്ഷകരുടെ മനസ്സില് നിറഞ്ഞ് നില്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴും ഈ സിനിമയെ ഇഷ്ടപ്പെടുന്നവര് നിരവധിയാണ്. കുഞ്ചാക്കോ ബോബന്, ശാലിനി തുടങ്ങിയ താരങ്ങളുടെ തുടക്കം കൂടിയായിരുന്നു സിനിമ.
കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച സുധിയേയും ശാലിനിയുടെ മിനിയേയും പ്രേക്ഷകര് ഏറ്റെടുത്തു. സുധിയുടെ കൂട്ടുകാരേയും മിനിയുടെ വീട്ടുകാരേയും പ്രേക്ഷകര് മറക്കാനിടയില്ല.
ഹരിശ്രീ അശോകനും സുധീഷുമാണ് സുധിയുടെ സുഹൃത്തുക്കളായി സിനിമയില് എത്തിയത്. മിനിയുടെ ചേട്ടന്മാരായി ജനാര്ദ്ദനനും കൊച്ചിന് ഖനീഫയുമാണ് എത്തിയത്.
എന്നാല് ഇവരുടെ അനുജനായി എത്തിയത് ഒരു പുതുമുഖമായിരുന്നു. ആ കുടുംബത്തിലെ കലിപ്പനായ വര്ക്കി എന്ന കഥാപാത്രം.
മിനിയുടെ കൊച്ചിച്ചായന്. സംവിധായകന് ഫാസിലിന്റെ ബന്ധുവായ ഷാജിന് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫാസിലിന്റെ സഹോദരി പുത്രനായിരുന്നു ഷാജിന്.
സംവിധാന സഹായി ആയിട്ടായിരുന്നു തുടക്കം. മറ്റൊരാള് ചെയ്യേണ്ടിയിരുന്ന കഥാപാത്രം നടന് എത്താത്തതിനെ തുടര്ന്ന് ഷാജിന് അവതരിപ്പിക്കുകയായിരുന്നു.
ഷാജിന് മുഴുന്നീള കഥാപാത്രമായി എത്തിയ ആദ്യ സിനിമകൂടിയായിരുന്നു അനിയത്തിപ്രാവ്. ഫാസില് സഹനിര്മ്മാതാവായ, ഫാസിലിന്റെ ശിഷ്യന്മാരായ സിദ്ധിഖ് ലാല് കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് ഷാജിന് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചെറിയൊരു കഥാപാത്രമായിരുന്നു സിനിമയില്.
മാമുക്കോയ അവതരിപ്പിച്ച ഹംസകോയ എന്ന കഥാപാത്രം സായികുമാര് അവതരിപ്പിച്ച ബാലകൃഷ്ണന് എന്ന കഥാപാത്രമായി ഒരാളെ പിടിക്കുന്നുണ്ട്. എന്നാല് തിരിയുമ്പോഴാണ് ആളുമാറി എന്നറിയുന്നത്.
അയാള് ഹംസക്കോയയെ അടിക്കുകയും ചെയ്യുന്നു. ആ കഥാപാത്രമായി എത്തിയത് ഷാജിന് ആയിരുന്നു. ഫാസില് സംവിധാനം ചെയ്ത പല സിനിമകളിലും സഹസംവിധായകനായും നടന് പ്രവര്ത്തിച്ചിരുന്നു. എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ സിനിമകളിലെല്ലാം സംവിധായകനെ സഹായിക്കുവാന് ഷാജിനും ഉണ്ടായിരുന്നു.
എന്നാല് അനിയത്തിപ്രാവിലെ കഥാപാത്രമാണ് ഷാജിന് പ്രേക്ഷക ശ്രദ്ധ നേടികൊടുക്കുന്നത്. ‘ഈ വര്ക്കിക്ക് ഇനി ഇങ്ങനെയൊരു അനിയത്തീം ഇല്ല’ എന്നൊക്കെ പറഞ്ഞ് മിനിയോട് കയര്ക്കുന്നതൊക്കെ പ്രേക്ഷകരുടെ ഓര്മ്മയില് ഇപ്പോഴും ഉണ്ടാകും.
സൂര്യ ടിവിയില് സംപ്രേക്ഷണം ചെയ്ത കാണാക്കിനാവ് എന്ന സീരിയലില് മികച്ചൊരു കഥാപാത്രമായിരുന്നു ഷാജിന് അവതരിപ്പിച്ചത്.
നെഗറ്റീവ് ഷേഡുള്ള ശ്രീകാന്ത് എന്ന കഥാപാത്രത്തെ നടന് ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു. അനിയത്തിപ്രാവ് കാതലുക്ക് മര്യാദൈ എന്ന പേരില് തമിഴില് ഒരുക്കിയപ്പോഴും ഷാജിന് ആ കഥാപാത്രത്തെ തമിഴിലും അവതരിപ്പിച്ചു.
ക്രോണിക് ബാച്ചിലര് സിനിമയിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രത്തെ നടന് അവതരിപ്പിച്ചു. പിന്നീട് സിനിമയില് നിന്നും മാറി നിന്ന ഷാജിന് ബിസിനസ്സില് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
എറണാകുളം ബ്രോഡ് വേയിലുള്ള കിംഗ് ഷൂ മാര്ട്ട് നടത്തുന്നത് ഷാജിന് ആണ്. എന്തായാലും താരത്തിന്റെ ഇപ്പോഴത്തെ ജീവിതം അറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്.