വീട് പണിയാന്‍ വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ നട്ടം തിരിഞ്ഞപ്പോഴാണ് കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനെ തേടി ഭാഗ്യദേവത എത്തിയത്. ഫലമോ 12 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബംബറും. ജപ്തി ഒഴിവാക്കാന്‍ പരക്കം പായുന്നതിനിടെയാണ് ബംബറടിച്ചതെന്നത് വിധിയുടെ വിളയാട്ടം എന്നേ പറയാനാകൂ.
കൂത്തുപറമ്പ് പയ്യന് ലോട്ടറി സ്റ്റാളില്‍നിന്നു വാങ്ങിയ എസ്.ടി. 269609 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം. സമ്മാനാര്‍ഹമായ ടിക്കറ്റ് രാജനും ഭാര്യ രജനിയും മക്കളായ അക്ഷര, വിജില്‍ എന്നിവര്‍ ചേര്‍ന്ന് കേരള ബാങ്കിന്റെ കണ്ണൂര്‍ മുഖ്യശാഖയിലേല്പ്പിച്ചു.
”ദൈവാനുഗ്രഹം” എന്നാണു രാജന്റെ ആദ്യ പ്രതികരണം. അഞ്ചു ലക്ഷം രൂപ കടമുണ്ട്. സമ്മാനമടിക്കുമെന്ന പ്രതീക്ഷയോടെ എല്ലാ ദിവസവും ടിക്കറ്റെടുക്കും. ഇടയ്ക്ക് 5,000 രൂപ വരെ സമ്മാനം കിട്ടിയിട്ടുമുണ്ട്. നമ്പറിലെ ചെറിയ വ്യത്യാസത്തിന് അര ലക്ഷം രൂപ സമ്മാനം അകന്നുപോയിട്ടുമുണ്ട്. കടം തീര്‍ക്കണം.
പ്ലസ് ടുവിനു പഠിക്കുന്ന അക്ഷരയ്ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം. ആഗ്രഹങ്ങള്‍ അത്രമാത്രം. ഭാര്യ രജനി അംഗന്‍വാടി ജീവനക്കാരിയാണ്. മൂത്ത മകള്‍ ആതിര വിവാഹിതയാണ്. മകന് വിജില്‍ ദിവസവേതന ജോലിക്കാരന്. ഏജന്‍സി കമ്മിഷനും നികുതിയും കഴിഞ്ഞ് 7.20 കോടി രൂപ സമ്മാനമായി ലഭിക്കും.
പയ്യന് ലോട്ടറി സ്റ്റാളിന്റെ ഉടമയായ സനീഷിന് നികുതി കഴിഞ്ഞ് 1.14 കോടി രൂപ ലഭിക്കും. വന്‍തുക സമ്മാനമടിച്ചെങ്കിലും ലോട്ടറി വിലയുടെ കാര്യത്തില്‍ രാജന് പരാതിയുണ്ട്. 300 രൂപ നല്കി ടിക്കറ്റ് വാങ്ങുകയെന്നത് കൂലിപ്പണിക്കാര്‍ക്ക് അത്ര എളുപ്പമല്ലെന്നാണ് കോടീശ്വരന്റെ പക്ഷം.