aതൃശൂർ: ജനകീയ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നു മന്ത്രി എ.സി. മൊയ്തീൻ. ലൈഫ് മിഷൻ പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷൻ സംഗമങ്ങൾ ചില രാഷ്ട്രീയ കക്ഷികൾ ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രശ്നം ജനകീയമാകുന്പോൾ രാഷ്ട്രീയകക്ഷികൾ ജനനന്മയ്ക്കൊപ്പം നില്ക്കണം. തദ്ദേശസ്ഥാപന ഭരണത്തിൽ പ്രതിപക്ഷമോ രാഷ്ട്രീയ കക്ഷികളോ ഇല്ലെന്നു മന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉപജീവനത്തിനായി കുടുംബശ്രീയും വ്യവസായ വകുപ്പുമായി ചേർന്നു തൊഴിൽപരിശീലനം കൂടി നൽകുമെന്നു മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ ഇ.ടി. ടൈസണ് മാസ്റ്റർ, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എസ്. വിനയൻ, കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അബീദലി തുടങ്ങിയവർ പങ്കെടുത്തു.