എടത്വ: ലൈഫ് ഭവനപദ്ധതിയുടെ അവസാന ഗഡു വൈകി. പിഞ്ചുകുട്ടികള്‍ അടങ്ങിയ ഏഴംഗ കുടുംബം വെള്ളക്കെട്ടില്‍. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ പൊന്നുക്കുട്ടന്റെ കുടുംബവുമാണ് മുട്ടോളം വെള്ളത്തില്‍ നരകയാതന അനുഭവിക്കുന്നത്.
ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണം ആരംഭിച്ചെങ്കിലും രണ്ടു ഗഡു ഫണ്ട് മാത്രമാണ് ലഭ്യമായത്. വീടിന്റെ കട്ടളയ്ക്കൊപ്പം ഇഷ്ടിക കെട്ടി പൊക്കിയെങ്കിലും മൂന്നാമത്തെ ഗഡു വൈകിയതുമൂലം മേല്‍ക്കൂര വാര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെ ഗഡു ആവശ്യപ്പെട്ട് പൊന്നുക്കുട്ടന് സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഗഡു ലഭിച്ചില്ലെന്ന് തലവടി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയതാണ് മൂന്നാം ഗഡു വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്കിയ വിശദീകരണം.എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടെങ്കിലും മൂന്നാം ഗഡു കുടുംബത്തിന് ലഭിച്ചില്ല. വീട് നിര്‍മാണം ആരംഭിച്ചതോടെ രണ്ടു പിഞ്ചുകുട്ടികള്‍ അടങ്ങിയ ഏഴംഗ കുടുംബം താത്കാലിക ഷെഡിലാണ് കഴിയുന്നത്.
കഴിഞ്ഞദിവസങ്ങളിലുണ്ടായ പെരുമഴയില്‍ ഷെഡ് മുട്ടോളം വെളത്തില്‍ മുങ്ങി. അന്തിയുറങ്ങാന്‍ മാര്‍ഗമില്ലാതെ വന്നതോടെ കുടുംബം ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീടിനു മുകളില്‍ പടുതവലിച്ചു കെട്ടിയാണ് കഴിയുന്നത്. താത്കാലിക ഷെഡില്‍ മുട്ടോളം വെള്ളത്തില്‍നിന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്.
കാലവര്‍ഷം ആഴ്ചകളോളം നീണ്ടുനില്ക്കുമെന്നിരിക്കേ ഇനിയുള്ള ദിവസങ്ങളും ഇവര്‍ക്ക് ദുരിത ജീവിതമായി തീരും. ലൈഫ് ഭവനപദ്ധതിയില്‍ വീട് നിര്‍മാണം നടക്കുന്ന നിരവധി ഗുണഭോക്താക്കളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ലൈഫ് ഭവന പദ്ധതിയുടെ ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ സാധാരണക്കാരുടെ ജീവിതം വെള്ളത്തിലാകാന് സാധ്യതയുണ്ട്.