തിരുവനന്തപുരം: സംസ്ഥാനത്ത് വീടില്ലാത്ത 2.14 ലക്ഷം ജനങ്ങളുടെ ആഗ്രഹം സർക്കാർ പുതിയ വീട് നിർമ്മിച്ച് നൽകിയതിലൂടെ സഫലമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ സന്തോഷം വിവിധ പ്രദേശങ്ങളിൽ കാണുന്നുണ്ട്.
അടച്ചുറപ്പുള്ള വീട് എന്ന ഓരോ കുടുംബത്തിന്റെയും ആഗ്രഹമാണ് ഇന്ന് സഫലമായിരിക്കുന്നത്. ജനങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കരകുളം ഏണിക്കരയിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രണ്ട് ലക്ഷം വീട് പൂർത്തിയാകുന്ന കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്റെ ഗൃഹപ്രവേശനചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, സി.ദിവാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരും സംബന്ധിച്ചു.
സംസ്ഥാന സർക്കാരിന്റെ സന്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ്മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
2.14 ലക്ഷം വീടുകളാണ് ഇതുവരെ പൂർത്തീകരിച്ചതെന്നു അധികൃതർ അറിയിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തിൽ 35,000ത്തോളം പേർ പങ്കെടുക്കും.
ഇന്ത്യയിൽ സർക്കാരുകൾ ഏറ്റെടുത്തു നടത്തുന്ന ഭവനനിർമ്മാണ പദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ സമയത്ത് പൂർത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണു പറയുന്നത്.
ഒൗദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്ത് തലത്തിലും വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരൽ ഇന്നു വൈകുന്നേരം സംഘടിപ്പിക്കും.
ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡ് നൽകും.