മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ രണ്ടു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതോടെ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയായിമാറിയിരിക്കുകയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ. മൂവാറ്റുപുഴ നഗരസഭയിൽ നിർമാണം പൂർത്തിയാക്കിയ പിഎംഎവൈ, ലൈഫ് ഭവനപദ്ധതിയുടെ താക്കോൽദാനവും, സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ സ്ഥലം കണ്ടെത്തി വീടും സ്ഥലവുമില്ലാത്തവർക്ക് വീടുകളും ഫ്ളാറ്റ് സമുച്ചയങ്ങളും നിർമിച്ച് നൽകുമെന്നും, പ്രളയം തകർത്ത കേരളത്തെ രക്ഷിക്കാനുള്ള പദ്ധതികളുടെ പൂർത്തീകരണത്തിലാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽദോ ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ് ഉഷ ശശീധരൻ, വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, സ്ഥിരംസമിതി അധ്യക്ഷരായ എം.എ. സഹീർ, ഉമാമത്ത് സലീം, സി.എം. സീതി, നഗരസഭാംഗങ്ങളായ മേരി ജോർജ് തോട്ടം, ജയകൃഷ്ണൻ നായർ, പി.വൈ. നൂറുദീൻ, പി.പി. നിഷ, പി.എസ്. വിജയകുമാർ, ഷൈലജ അശോകൻ, സിന്ധു ഷൈജു, വിവിധ കക്ഷിനേതാക്കളായ എം.ആർ. പ്രഭാകരൻ, ടി.എം. ഹാരിസ്, മുനിസിപ്പൽ സെക്രട്ടറി എൻ.പി. കൃഷ്ണരാജ്, കുടുംബശ്രീ ചെയർപേഴ്സണ് നജ്ല ഷാജി എന്നിവർ പ്രസംഗിച്ചു. മൂവാറ്റുപുഴ നഗരസഭയിൽ 150 വീടുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്.