തൃശൂർ: ലൈഫ് മിഷന്റെ ഭാഗമായുള്ള വീടുകളുടെ പൂർത്തീകരണത്തിനു പണത്തിന്റെ പ്രശ്നമില്ലെന്നും അവ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും നവകേരള മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന ലൈഫ് മിഷൻ ജില്ലാതല കർമസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടും സ്ഥലവുമില്ലാത്തവർക്കു വീടുവച്ചു നൽകുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലേക്ക് ഭൂമി കണ്ടെത്തുകയാണ് പ്രധാനമെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഒരു മാസത്തിനകം ആവശ്യമായ ഭൂമി കണ്ടെത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ലയിൽ റവന്യു വകുപ്പിന്റേതല്ലാതെ മറ്റു വകുപ്പുകളുടെ കൈവശമുള്ള ഭൂമി ലൈഫ് പദ്ധതിക്കു ലഭ്യമാക്കുന്നതിനു ജില്ലാ കളക്ടർ മുൻകൈയെടുക്കണം. നഗരസഭാ പ്രദേശങ്ങളിൽ ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നഗരപ്രാന്തങ്ങളിൽ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഭൂമിയുള്ള സ്ഥലത്തെ ഗുണഭോക്താക്കൾക്കു ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കും. 35,000 ഗുണഭോക്താക്കൾക്കായി 1100 ഏക്കർ ഭൂമിയാണ് ജില്ലയിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് മിഷനിലെ വീടു നിർമാണത്തിനു പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രീഫാബ് സാങ്കേതിക വിദ്യയിൽ കുറഞ്ഞ സമയത്തിനകം വീടുകൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയിൽ ജില്ലയിൽ ആകെ കരാർ വച്ച 2881 ഗുണഭോക്താക്കളിൽ 2758 വീടുകൾ പൂർത്തീകരിച്ചതായി ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. 95.7 ശതമാനമാണ് പുരോഗതി. ഒന്പതു സർക്കാർ വകുപ്പുകളുടെ കീഴിൽ നടപ്പിലാക്കിയിരുന്ന ഭവന പദ്ധതികളിൽ പൂർത്തിയാകാത്ത വീടുകൾ പൂർത്തീകരിക്കുന്നതിനായി യൂണിറ്റ് കോസ്റ്റ് ഉയർത്തി ഏകീകരിച്ച് നാലുലക്ഷം രൂപ അനുവദിച്ചു.
ഭൂമിയുള്ള ഭവനരഹിതർക്കു വീടുവച്ചു നൽകുന്ന രണ്ടാംഘട്ടത്തിൽ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലായി കരാർ വച്ച 4683 ഗുണഭോക്താക്കളിൽ 2882 വീടുകൾ പൂർത്തീകരിച്ചു. 61.5 ശതമാനമാണ് പുരോഗതി. ബാക്കിയുള്ളതിൽ 1121 വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും കോ-ഓർഡിനേറ്റർ അറിയിച്ചു.