സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കെ.എസ്.യു.വിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനെ വെല്ലുവിളിച്ച സ്നേഹ എന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തീയില്‍ കുരുത്ത കെ.എസ്.യുകാരി എന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ച ആ യുവതി ഒരു തീപ്പൊരി തന്നെയാണ്. ആരാണ് സ്‌നേഹ എന്ന് അറിയേണ്ടതുണ്ട്. മുമ്പ് ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ എത്തിയപ്പോള്‍ സ്‌നേഹ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വീഡിയോയും വൈറലാകുകയാണ്.
അന്ന് തന്റെ ജീവിതത്തെക്കുറിച്ച് സ്നേഹ പറഞ്ഞത് ഇങ്ങനെ…അച്ഛനും അമ്മയും ഞാനും മാത്രം അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. വീട് പള്ളിപ്പാടാണ്, അച്ചന്‍കോവിലാറിന്റെ തീരത്ത്. അച്ഛന്‍ വീടുകളില്‍ പോയി ചൂരല്‍ കസേര ഉണ്ടാക്കി കിട്ടുന്ന വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് വയ്യാണ്ടായത്.
പ്ലസ് വണ്ണിലെ ഫസ്റ്റ് അലോട്ടുമെന്റൊന്നും കൊടുക്കാന്‍ പറ്റിയില്ല. നന്നായി കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ആളായിരുന്നു അച്ഛന്‍. അവസാനം ടിബിയായി. എന്നെയൊന്നും ഓര്‍മ്മയില്ലാതായി. അച്ഛനെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ കരഞ്ഞുപോകും. അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നു മോളെ സിനിമയില്‍ അഭിനയിപ്പിക്കണം സീരിയലില്‍ അഭിനയിപ്പിക്കണം. അങ്ങനെ കുറേ ആളുകളോട് ചോദിച്ചിട്ടുണ്ട് അവസരങ്ങളൊക്കെ.
അച്ഛന് ഇതിനെക്കുറിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. അച്ഛന്റെ ഉള്ളില്‍ ഇതൊക്കെ സങ്കടങ്ങളായി നില്‍ക്കുമ്പോഴും എവിടെ പോയാലും പണിയില്ലെങ്കിലും കുറേ സാധനങ്ങള്‍ കൊണ്ടുവരും. എവിടെ പോയാലും എനിക്കുള്ള ഒരു പൊതിക്കെട്ടുമായാണ് അച്ഛന്‍ വരുന്നത്. ഞാന്‍ ഇന്നും ഓര്‍ക്കുന്നു… അന്ന് പത്താം ക്ലാസിലെ ബയോളജി പരീക്ഷയാ… ആ സമയത്ത് അച്ഛന് എന്നോട് ഇഷ്ടമല്ല.. വെറുപ്പ്.. അച്ഛാ ഞാന്‍ പരീക്ഷ എഴുതാന്‍ പോകുവാ എന്ന് പറഞ്ഞപ്പോള്‍ പിടിച്ചൊരു തള്ള് തന്നു.
ശരിക്കും പറഞ്ഞാന്‍ ഞാമന്‍ കരഞ്ഞാണ് പരീക്ഷ എഴുതിയത്. ശരിക്കും പറഞ്ഞാല്‍ അച്ഛന്റെ മെമ്മറി പോയി തുടങ്ങി. അതൊന്നും മനസിലാക്കാനുള്ള കഴിവില്ല എനിക്ക്. ഞാനൊരു കൊച്ചുകുട്ടിയല്ലേ. അത് കഴിഞ്ഞ് അച്ഛന്‍ തീരെ കിടപ്പിലായി. അമ്മയെ അങ്ങനെയൊന്നും ജോലിക്ക് വിടില്ല. ഒള്ളതുകൊണ്ട് ഓണം പോലെ… നമ്മള് സാധാരണ കുടുംബമാ.. അത് കഴിഞ്ഞ് അമ്മ അടുക്കള ജോലിക്കൊക്കെ പല വീടുകളിലും പോകും…
പ്ലസ് വണ്ണിന് അണ്‍ എയ്ഡഡ് സ്‌കൂളിലാണ് ഞാന്‍ പോയി ചേരുന്നത്. ഫീസും കാര്യങ്ങളുമൊക്കെ കൊടുക്കാന്‍ ബുദ്ധിമുട്ടായി. അച്ഛന്‍ ഉണ്ടെങ്കില്‍ക്കൂടി. ശരിക്കും പൂര്‍ണമായി അച്ഛന്റെ ഓര്‍മശക്തി പോയി. അമ്മ ജോലിക്ക് പോകുമ്പോള്‍ അച്ഛനുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി വെച്ചിട്ടാണ് പോകുന്നത്. ഞാന്‍ സ്‌കൂളില്‍ പോകും. തിരിച്ചുവരുമ്പോള്‍ അച്ഛനെ കാണില്ല, അച്ഛനിങ്ങനെ തുണിപോലുമില്ലാതെ… ഭക്ഷക്കാരെപോലെ… റോഡില്‍ക്കൂടെ…. ആ സംഭവം എന്റെ ലൈഫിലെ ഒരു ടേണിംഗ് പോയന്റാണ്… അവിടെ ഞാന്‍ ലൈഫ് എന്താണെന്ന് പഠിച്ചു തുടങ്ങി…
അച്ഛന്റെ അവസാനകാലം പരിതാപകരമായിരുന്നുവെന്ന് സ്‌നേഹ പറയുന്നു.”പ്ലസ് വണില്‍ ക്ലാസില്‍ നില്‍ക്കുമ്പോഴാണ് അച്ഛന് സീരിയസാണെന്ന് രണ്ടു പേര്‍ വന്ന് പറയുന്നത്. ബേക്കറിയിലെ ജോലി കഴിഞ്ഞ് അമ്മ വരുന്നതു വരെ ഞാന്‍ കാത്തിരുന്നു. ഞങ്ങള്‍ ഹരിപ്പാട് ആശുപത്രിയില്‍ എത്തി. പുരുഷന്മാരുടെ വാര്‍ഡില്‍ അവസാന ബെഡില്‍ കിടക്കുകയായിരുന്നു അച്ഛന്‍. അവസാന ഡ്രിപ് കയറുന്നത് ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. ഞങ്ങള്‍ നോക്കി നില്‍ക്കെ ആ ഡ്രിപ് നിലച്ചു. അച്ഛന്‍ ഞങ്ങളെ വിട്ടുപോയി എന്നന്നേക്കുമായി”.
സ്‌നേഹ തുടരുന്നു…മൃതദേഹം എങ്ങനെ ദഹിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു അടുത്തത്. വീട്ടില്‍ വെള്ളം കയറിയിരിക്കുന്ന സമയമായിരുന്നു അത്. അതിനാല്‍ തന്നെ വീട്ടില്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ബോഡി ഏറ്റുവാങ്ങാന്‍ ഞാനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…ആരെയും ബുദ്ധിമുട്ടിക്കരുതെന്ന മനസ്ഥിതി ഉണ്ടായിരുന്ന ആളായിരുന്നു അച്ഛന്‍.
ഈ മൃതദേഹവുമായി എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോഴും അമ്മ ഒരിക്കല്‍പോലും കരഞ്ഞില്ല. ആരും ഡെഡ്‌ബോഡി ഏറ്റുവാങ്ങാന്‍ എത്തിയില്ലേയെന്ന് ഡോക്ടര്‍ ആവര്‍ത്തിച്ചു ചോദിച്ചു.വീട്ടില്‍ വെള്ളം കയറിയിരിക്കുകയാണെന്നും മൃതദേഹം അടക്കാന്‍ നിവൃത്തിയില്ലെന്നും അവരോടു പറഞ്ഞു. 2008 സെപ്റ്റംബര്‍ 23 വൈകിട്ട് 6.30നാണ് അച്ഛന്‍ മരിക്കുന്നത്. രാത്രി എട്ടേമുക്കാല്‍ വരെ മൃതദേഹം ആരും ഏറ്റുവാങ്ങാനില്ലാതെ കിടന്നു.
സഹോദങ്ങളെ അമിതമായ സ്‌നേഹിച്ച ആളായിരുന്നു അച്ഛന്‍. എന്നാല്‍ അച്ഛന്റെ മൃതദേഹത്തോട് അവര്‍ ചെയ്തത് ആരും ഒരിക്കലും ചെയ്തു കൂടാത്ത കാര്യമാണ്. മൃതദേഹം ഏറ്റുവാങ്ങാന്‍ ഒടുവില്‍ ചില ബന്ധുക്കളെത്തി. നല്ല രണ്ടു വീടുകളുണ്ടായിരുന്നെങ്കിലും മൃതദേഹം കൊണ്ടുപോയ് വച്ചത് പൊട്ടിപ്പൊളിഞ്ഞ ഒരിടത്താണ്. മൃതദേഹം കിടത്തിയത് വേസ്റ്റുകള്‍ നിറഞ്ഞ കട്ടിലിലും. മഴ പെയ്തപ്പോള്‍ ഡെഡ്‌ബോഡി അകത്തു കിടത്താന്‍ അവര്‍ മിനക്കെട്ടില്ല. മഴവെള്ളം വീണ് ഡെഡ്‌ബോഡി നനഞ്ഞു.
അന്ന് എന്റെ അച്ഛനെ ദഹിപ്പിക്കാന്‍ ഒരു ആറടി മണ്ണ് എനിക്കന്ന് ഇല്ലായിരുന്നു. അന്ന് ഞാന്‍ വിചാരിച്ചു ബന്ധങ്ങള്‍ വേണം, എന്നിരുന്നാലും മാന്യമായ ഒരു ജോലി വേണമെന്ന ചിന്തയുണ്ടായത്. പിന്നീട് പലഹാരക്കച്ചവടവും വീട്ടുജോലിയുമായി അമ്മയും ഞാനും മുമ്പോട്ടു പോയി. വീട്ടു ജോലിയ്ക്ക് ചെന്ന ചിലയിടങ്ങളില്‍ നിന്ന് അപമാനം നേരിട്ടപ്പോള്‍ ഇനി വീട്ടുജോലിയ്ക്കു പോകേണ്ടെന്ന് അമ്മയോടു പറഞ്ഞു.
തുടര്‍ന്ന് തട്ടുകട തുടങ്ങുകയായിരുന്നു. അമ്മയുടെ ആങ്ങളയുടെ വണ്ടിയാണ് ഇതിനായി ഉപയോഗിച്ചത്. അങ്ങനെ വീടിനടുത്ത് തരക്കേടില്ലാതെ തടകടയുമായി മുമ്പോട്ടു പോകുമ്പോഴാണ് ബാര്‍ അസോസിയേഷനിലെ നല്ലവരായ ചില വക്കീലന്മാരും മജിസ്‌ട്രേട്ടുമൊക്കെ ചേര്‍ന്ന് ഞങ്ങളുടെ തട്ടുകട കോടതിയ്ക്കകത്താക്കിയത്.
ഹരിപ്പാട് അമ്പലത്തിനടുത്ത് ഒരു കട തുടങ്ങണമെന്ന് ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇപ്പോള്‍ കട ഹരിപ്പാട് അമ്പലത്തിന്റെ അടുത്താണുള്ളത്. കോടതി പൊളിച്ചതോടെ ഞങ്ങള്‍ കട അമ്പലത്തിന്റെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നു. സ്‌നേഹ പറയുന്നു. തോല്‍വിയില്‍ തളര്‍ന്നു വീഴരുതെന്നും കൂടുതല്‍ ഊര്‍ജത്തോടെ മുമ്പോട്ടു കുതിക്കണമെന്നുമുള്ള സന്ദേശം തരുന്നതാണ് സ്‌നേഹയുടെ ജീവിതം. നിലവില്‍ കെഎസ്‌യുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് സ്‌നേഹ.