തിരുവില്വാമല: ഇത് സുകുമാരന്റെയും കുടുംബത്തിന്റെയും കഥയാണ്. അതേസമയം സുകുമാരനെ പോലുള്ള അനേകരുടെ കൂടി കഥയാണ്. സാങ്കൽപികമല്ലാത്ത സങ്കടകരമായ കഥ. തലചായ്ക്കാൻ സുരക്ഷിതമായ ഒരിടം കിട്ടാനായി അധികാരികളുടെ കനിവു കാത്തിരിക്കുന്ന ഒരുപാട് സുകുമാരൻമാരുടെ കുടുംബങ്ങളുടെ ജീവിതങ്ങളുടെ നേർക്കാഴ്ചയാണിത്.
തിരുവില്വാമല പട്ടിപ്പറന്പ് കിഴക്കേ കുറുമങ്ങാട്ട് പടി സുകുമാരനും, ഭാര്യ ഗിരിജയും അഞ്ചുവയസുള്ള മകൾ ദൃശ്യനന്ദയും ഓട്ടിസം ബാധിച്ച ഏഴുവയസുകാരൻ മകൻ ആദർശും കഴിയുന്ന കുടിൽ ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഈ കൊച്ചുകുടിലിന് ഇപ്പോൾ വീശിയടിക്കുന്ന കാറ്റിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ല.
ഭൂമിയുള്ള ഭവനരഹിതർക്കുള്ള സർക്കാരിന്റെ സന്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് കേട്ടപ്പോൾ സുകുമാരനും കുടുംബവും ഏറെ സന്തോഷിച്ചു. നാലുസെന്േറാളം ഭൂമി ഇവർക്ക് കുടുംബസ്വത്തായി ലഭിക്കാൻ സാധ്യതയുണ്ട്.
അമ്മയുടെ പേരിലുള്ള റേഷൻ കാർഡിൽ സുകുമാരനും അമ്മയ്ക്കും സഹോദരങ്ങൾക്കുമായി 35 സെന്റ് സ്ഥലമുണ്ട്. ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷകൊടുത്തപ്പോൾ ഈ 35 സെന്റിന്റെ പേരിൽ ആ അപേക്ഷ തള്ളി. 35 സെന്റ് വീതം വെക്കുന്പോൾ സുകുമാരന് കിട്ടുക നാലുസെന്റിൽ താഴെ മാത്രമാണെന്ന് പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. ഇതോടെ സുകുമാരന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.
സുഖമില്ലാത്ത കുട്ടിയെ നോക്കാൻ ഒരാൾ എപ്പോഴും വീട്ടിൽ വേണമെന്നുള്ളതുകൊണ്ട് ഒരാൾക്കേ ജോലിക്ക് പോകാൻ കഴിയൂ. പരിമിതമായ കൂലി കൊണ്ട് ചികിത്സാചിലവും വീട്ടുചിലവും കൂട്ടിയിണക്കിക്കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ അനർഹർ കടന്നുകൂടുന്നുവെന്ന പരാതി വ്യാപകമാകുന്പോഴാണ് സുകുമാരനെ പോലുള്ളവരെ സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് തഴയുന്നത്. ലൈഫ് മിഷൻ പദ്ധതി ഇവരെപ്പോലുളളവരുടെ ലൈഫ് സംരക്ഷിക്കാനാകണമെന്ന് അധികാരികൾ തിരിച്ചറിയുന്ന നിമിഷത്തിലേ ഇവരുടെ ജീവിതം സുരക്ഷിതമാകുകയുള്ളു.