സ്വന്തം ലേഖകൻ
തൃശൂർ: ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ-ഓർഡിനേറ്ററെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സിബിഐ ഓഫീസിൽ വച്ചാണ് ജില്ലാ കോ-ഓർഡിനേറ്റർ ലിൻസ് ഡേവിസിനെ ചോദ്യം ചെയ്തത്. ലിൻസ് ഡേവിസിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസം സിബിഐ നോട്ടീസ് നൽകിയിരുന്നു.
ലൈഫ് മിഷൻ ക്രമക്കേടിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ, ഭാര്യ സീമ സന്തോഷ് എന്നിവരെ സിബിഐ കഴിഞ്ഞദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി രണ്ടരമണിക്കൂർ ആണ് ഇരുവരെയും ചോദ്യം ചെയ്തത്.
വടക്കാഞ്ചേരിയിലെ 20 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതി കരാർ ലഭിക്കാൻ സ്വപ്ന സുരേഷിനും കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥർക്കുമായി 4.35 കോടി രൂപ കമ്മീഷൻ യൂണിടാക്ക് നൽകിയെന്നായിരുന്നു ആരോപണം. ഇതിനെക്കുറിച്ചുള്ള വിശദാശംങ്ങളിൽ വ്യക്തതയുണ്ടാക്കാനാണ് നീക്കം.
യൂണിടാക് ഉടമകൾക്കെതിരെ സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ ജോലികൾ നിർത്തിവച്ചിട്ടുണ്ട്. പണികൾ നിർത്തുന്നതായി ലൈഫ് മിഷന് യൂണിടാക് എം.ഡി കത്ത് നൽകിയിരുന്നു.
വടക്കാഞ്ചേരി നഗരസഭ ഓഫീസിലെത്തി സിബിഐ സംഘം രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ബിൽഡിംഗ് പെർമിറ്റ് ഫയലുകളും മറ്റും കഴിഞ്ഞ ദിവസം എത്തിയ സിബിഐ സംഘം കൊണ്ടുപോയിരുന്നു.