അനുമോൾ ജോയ്
കണ്ണൂര്‍: വിനോദത്തിനുവേണ്ടി ബീച്ചുകളിൽ എത്തുന്നവർക്ക് അപകടമോ മരണമോ സംഭവിക്കുന്പോൾ മാത്രമാണ് ലൈഫ് ഗാർഡുകളെപ്പറ്റി സർക്കാർ ഓർക്കുക. എന്നാൽ, സംസ്ഥാനത്തെ 44 ബീച്ചുകളിൽ 25 ഇടത്ത് ലൈഫ് ഗാർഡുകൾ ഇല്ല.
400 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് 140 പേരാണ് ആകെയുള്ളത്. തിരുവനന്തപുരത്തെ വർക്കല, ബ്ലാക്ക് ബീച്ചുകളിൽ 24 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് 18 പേർ മാത്രമാണുള്ളത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒട്ടുമിക്ക ബീച്ചുകളിലും ലൈഫ് ഗാർഡുകളേയില്ല. ഉള്ള ബീച്ചുകളിലാകട്ടെ എണ്ണത്തിൽ കുറവും.
കണ്ണൂരിലെ കൂടുതൽ ആളുകളെത്തുന്ന പയ്യാമ്പലത്ത് 24 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് അഞ്ചുപേർ മാത്രമാണുള്ളത്. കിലോമീറ്ററോളം നീണ്ടുകിടക്കുന്ന സംസ്ഥാനത്തെ പല ബീച്ചുകളിലും ആകെ ഉണ്ടാകുക ഒന്നോ രണ്ടോ ലൈഫ് ഗാർഡുകളാണ്.
ബീച്ചുകളിൽ എത്തുന്നവരുടെ ജീവൻ സംരക്ഷിക്കാനായി കൂടുതൽ ലൈഫ് ഗാർഡുകളെ വയ്ക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
” ലൈഫ്’ ഇല്ലാത്ത ജോലി
ലൈഫ് ഗാർഡുകളോടുള്ള സർക്കാരിന്റെ അവഗണനയാണ് പലരും ഈ മേഖലയിലേക്ക് വരാതിരിക്കാൻ കാരണം. മത്സ്യത്തൊഴിലാളികളടക്കമുള്ളവരാണ് ലൈഫ്ഗാര്‍ഡുകളായി എത്തുന്നത്.
33 വര്‍ഷത്തിനുശേഷമാണ് ലൈഫ് ഗാർഡുകളുടെ അപകടവ്യക്തിഗത ഇന്‍ഷ്വറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കാന്‍ സർക്കാർ തീരുമാനിച്ചത്.
എഴുത്തുപരീക്ഷയും ശാരീരികക്ഷമതയും മെഡിക്കല്‍ ടെസ്റ്റും ട്രെയിനിംഗും ഉള്‍പ്പെടെയുള്ള കാര്യങ്ങൾക്കുശേഷമാണ് നിയമനം ഉണ്ടാകുക. കരാർ നിയമനമായതിനാൽ പലരും ഈ മേഖലയിലേക്ക് വരാൻ മടിക്കുകയാണ്.
അതുകൊണ്ടുതന്നെ നിലവിലുള്ളവര്‍ക്ക് ജോലിഭാരം വര്‍ധിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടായിരത്തോളം പേർ ജല അപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. നിരവധിപേരെ പരിമിതമായ സൗകര്യത്തിൽ രക്ഷപെടുത്തുകയും ചെയ്യുന്നുണ്ട്.
തിരക്കു കൂടിയ ബീച്ചുകളില്‍ ലൈഫ് ഗാർഡുകൾക്ക് വാട്ടര്‍ സ്കൂട്ടര്‍, സ്പീഡ് ബോട്ട്, വാച്ച് ടവര്‍ തുടങ്ങിയ സൗകര്യങ്ങളുമെല്ലാം ആവശ്യമാണ്.
ഈ സൗകര്യങ്ങളൊന്നും ഇല്ലെന്നു മാത്രമല്ല ലൈഫ്ഗാര്‍ഡുകളുടെ സാധനങ്ങള്‍ സൂക്ഷിക്കുവാനോ അവര്‍ക്ക് ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ തുടങ്ങിയ അടിസ്ഥാനസൗകര്യത്തിന് ആവശ്യമായ ഒന്നുംതന്നെ ബീച്ചുകളില്‍ ഉണ്ടാകാറില്ല.
വര്‍ഷത്തില്‍ രണ്ടു ജോഡി യൂണിഫോം മാത്രമാണ് നല്കിവന്നത്. എല്ലാർക്കും ഇതു നൽകുന്നുമില്ല.വർഷങ്ങൾക്കു മുന്‍പാണ് നിലവിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് ട്രെയിനിംഗ് നല്‍കിയത്.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ ശാരീരിക- മാനസിക ട്രെയിനിംഗ് നൽകുന്നതും ഒപ്പം വിനോദസഞ്ചാരികളോട് ഇടപഴകാന്‍ ആവശ്യമായ ഭാഷാപരിജ്ഞാനം നല്‍കുന്നതും വളരെ ഉപകാരപ്രദമാകുമെന്നുമാണ് ലൈഫ് ഗാർഡുകൾ പറയുന്നത്.
ലൈഫ് ഗാർഡുകളെ
നിയമിക്കാൻ നിവേദനം
കണ്ണൂർ: കേരളത്തിലെ ബീച്ചുകളിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂണിയൻ ( സിഐടിയു) സംസ്ഥാന സെക്രട്ടറി പി.ചാൾസൺ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിവരുന്ന 35 വർഷമായി ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന 200 ൽപരം തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും 2017-ൽ ടൂറിസം വകുപ്പ് ലൈഫ് ഗാർഡുകൾക്ക് വേണ്ടി തയാറാക്കി സർക്കാരിലേക്ക് സമർപ്പിച്ച പാക്കേജു നടപ്പിലാക്കണമെന്നും യൂണിയൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.