തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുന്ന ലൈഫ് മിഷൻ അക്കൗണ്ടിൽ നിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്. സാന്പത്തിക വർഷം അവസാനിച്ച മാർച്ച് 31ന് ലൈഫ് മിഷന് അനുവദിച്ച തുകയിൽനിന്ന് 60.36 കോടി തിരിച്ചെടുത്തത്. തിരിച്ചെടുത്ത തുകയിൽനിന്ന് രണ്ടുകോടി തരണമെന്ന ലൈഫ് മിഷന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു.
2024 ഏപ്രിൽ, മേയ് മാസങ്ങളിലെ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലെയും ജില്ലാ ഓഫീസിലേയും ശന്പളം, വാഹന വാടക, ഓഫീസ് ചെലവുകൾക്കാണ് തിരിച്ചെടുത്ത തുകയിൽ നിന്ന് രണ്ടു കോടി അനുവദിച്ചത്. ലൈഫ് മിഷൻ തുക സർക്കാർ പൂർണമായി ചെലവഴിക്കുന്നെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം പൊളിക്കുന്നതാണ് തദ്ദേശ സ്വയം ഭരണവകുപ്പ് കഴിഞ്ഞ 20 ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാകുന്നത്.
2023-24ൽ ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയിൽ 333.09 കോടിയാണ് ലൈഫ് മിഷന് ധനവകുപ്പ് അനുവദിച്ചത്. ഇതിൽ ചെലവഴിച്ചത് 272.72 കോടിയും. ബാക്കി തുകയാണ് തിരിച്ചെടുത്തത്. അതായത്, വകയിരുത്തിയ 717 കോടിയിൽ ചെലവാക്കിയത് 272.72 കോടി മാത്രം. 444.28 കോടി പാഴാക്കി. ലക്ഷക്കണക്കിനു പേർ വീടിനായി കാത്തു നിൽക്കുന്പോഴാണ് നടപടി.