കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നു ഹൈക്കോടതി വ്യക്തമാക്കി.
ലൈഫ് മിഷന് പദ്ധതിക്കു വേണ്ടി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് സഹായം സ്വീകരിച്ചെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി.ജോസും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്കിയ ഹര്‍ജികള്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കേസില്‍ കക്ഷി ചേരാനുള്ള സര്‍ക്കാരിന്റെ ഹര്‍ജിയും തള്ളി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്റെ ഭവന പദ്ധതിക്ക് യുഎഇ റെഡ് ക്രസന്റില്‍നിന്ന് ധനസഹായം സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നാരോപിച്ച് അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയിലാണ് സിബിഐ കേസെടുത്തത്.
എന്നാല്‍ ലൈഫ് മിഷന് നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ ഭൂമിയില്‍ വീടു നിര്‍മിച്ചു നല്കാന് കരാര്‍ നല്‍കുകയാണ് ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് കേസില്‍നിന്ന് ഒഴിവാക്കാന്‍ ലൈഫ് മിഷന് സിഇഒ ഹൈക്കോടതിയെ സമീപിച്ചത്.
വിദേശ സഹായ നിയന്ത്രണ നിയമത്തില്‍ വിദേശങ്ങളില്‍നിന്ന് സഹായം സ്വീകരിക്കാന്‍ അനുമതിയില്ലാത്തവരുടെ വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്. ഇവയില്‍ കരാര്‍ കമ്പനി ഉള്‍പ്പെടില്ലെന്നായിരുന്നു യൂണിടാക്കിന്റെ വാദം.
എന്നാല്‍ ഇവയൊക്കെ അധോലോക ഇടപാടുകളാണെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും സിബിഐ വാദിച്ചിരുന്നു.