ലിഫ്റ്റിൽ നായയെ കയറ്റുന്നതുമായി ബന്ധപ്പെട്ട അപ്പാർട്ട്മെന്റിലെ താമസക്കാർ തമ്മിൽ സംഘർഷം.നോയിഡയിലെ സെക്ടർ 108-ലെ പാർക്ക് ലോറേറ്റ് സൊസൈറ്റിയിലാണ് സംഭവം. നായയെ ലിഫ്റ്റിൽ കയറ്റാൻ വിരമിച്ച ഒരു സിവിൽ ഉദ്യോഗസ്ഥൻ സ്ത്രീയെ അനുവദിച്ചില്ല. തുടർന്ന് വാക്ക് തർക്കമുണ്ടായ്. ഒടുവിൽ സംഘർഷത്തിലേക്ക് വരെ കാര്യങ്ങളെത്തി.
തുടർന്ന് ഇരുവരും ഫോൺ പുറത്തെടുത്ത് സംഭവം ചിത്രീകരിക്കാൻ തുടങ്ങി. ഉടൻ തന്നെ യുവതി ഇയാളുടെ ഫോൺ തട്ടിയെടുക്കുകയും ഇരുവരും തമ്മിൽ കൈയ്യേറ്റമുണ്ടാകുകയും ചെയ്തു. സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഘർഷത്തിനിടെ ഇയാൾ യുവതിയെ തല്ലി. തുടർന്ന് യുവതിയുടെ ഭർത്താവ് ലിഫ്റ്റിലേക്ക് വന്നതും കാര്യങ്ങൾ അവൾ അയാളോട് പറഞ്ഞു. താമസിയാതെ അടുത്ത അടി തുടങ്ങുകയും ചെയ്തു.
തുടർന്ന് ഇരുവരെയും പിടിച്ച് മാറ്റാൻ അപ്പാർട്ട്മെന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് അപ്പാർട്ട്മെന്റിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇരുകൂട്ടരും പോലീസിന് രേഖാമൂലം സമ്മതപത്രം നൽകുകയും അവർക്കെതിരെ നടപടിയെടുക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ലിഫ്റ്റിൽ നായ്ക്കളെ കൊണ്ടുപോകാമോ എന്നത് രാജ്യത്തുടനീളമുള്ള വളർത്തുമൃഗ ഉടമകളും അപ്പാർട്ട്മെന്റ് നിവാസികളും തമ്മിലുള്ള തർക്ക വിഷയമാണ്. ഇത്തരം പ്രശ്നങ്ങളുടെ പേരിൽ നിരവധി സംഘട്ടനങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
നോയിഡയിലെ നിരവധി അപ്പാർട്ട്മെന്റുകൾ ലിഫ്റ്റിൽ നായ്ക്കളെ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ അത്തരം നിർദ്ദേശങ്ങൾ നിയമപരമായി നടപ്പിലാക്കാൻ കഴിയില്ലെന്ന് വളർത്തുമൃഗങ്ങളുടെ ഉടമകൾ വാദിക്കുന്നു. കഴിഞ്ഞ വർഷം, അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ ആറ് വയസ്സുകാരനെ നായ കടിച്ചതിന് വളർത്തുമൃഗങ്ങളുടെ ഉടമയ്ക്ക് ഗ്രേറ്റർ നോയിഡ ഭരണകൂടം 10,000 രൂപ പിഴ ചുമത്തിയിരുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക