പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടു. സാധാരണക്കാരായ നിരവധി രോഗികൾ ചികിത്സ തേടുന്ന ആശുപത്രിയിൽ ദൈനംദിന ബുദ്ധിമുട്ടുകളേറുന്പോഴും പതിവു നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് അധികൃതർ. ലിഫ്റ്റ് നന്നാക്കാൻ ഇനി ദിവസങ്ങൾ വേണ്ടിവരുമെന്നാണ് പറയുന്നത്.
ഹൈദരാബാദിൽനിന്ന് പാർട്സുകൾ അയച്ചിട്ടുണ്ടെന്നും അതു ലഭ്യമായാൽ പണി നടത്താമെന്നുമാണ് കന്പനി അധികൃതരുടെ നിലപാട്. ഇങ്ങനെപോയാൽ പുതിയ ലിഫ്റ്റ് വയ്ക്കുന്നതായിരിക്കും നല്ലതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. പുതിയ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്കുവേണ്ടി ആകെ ഒരു ബ്ലോക്ക് മാത്രം പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് ഇപ്പോൾ കൂനിന്മേൽ കുരുവെന്നപോലെ ലിഫ്റ്റ് തകർച്ചയുണ്ടായത്.
ആശുപത്രിയുടെ പ്രധാനപ്പെട്ട എല്ലാ സംവിധാനങ്ങളും വാർഡുകളും പ്രവർത്തിച്ചിരുന്ന ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റാണ് ഒരാഴ്ച മുന്പ് തകരാറിലായത്. ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങിയതോടെ വാതിൽ കുത്തിപ്പൊളിച്ചുവെന്ന പേരിൽ കന്പനി അധികൃതർ കൈമലർത്തി.
സ്റ്റീൽ വാതിലിന്റെ പാർട്സുകൾ മാറേണ്ടതുണ്ടെന്നും പണം അടച്ചു കഴിഞ്ഞാൽ ഇവ വാങ്ങിവയ്ക്കാമെന്നുമായിരുന്നു നിലപാട്. ശസ്ത്രക്രിയ കഴിഞ്ഞവരെ അടക്കം സ്ട്രെക്ചറിലും തുണിയിൽ പൊതിഞ്ഞും താഴെ എത്തിക്കേണ്ടി വന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ ലിഫ്റ്റ് നന്നാക്കാൻ നിർദേശം നൽകുകയായിരുന്നു.
ആവശ്യമായ പണവും അടച്ചു. എന്നാൽ കൃത്യമായ സമയപരിധിയിൽ ലിഫ്റ്റ് പ്രവർത്തനം പുനരാരംഭിക്കാമെന്ന ഉറപ്പ് ഇപ്പോഴുമായിട്ടില്ല. ആശുപത്രി സംവിധാനം പുനഃക്രമീകരിച്ചതോടെ ബി ആൻഡ് സി ബ്ലോക്കിലെ ഒന്നാംനിലയിലാണ് ഡയാലിസിസ് സെന്റർ. ലിഫ്റ്റ് മുടങ്ങിയതു മുതൽ ഇവിടേക്ക് രോഗികൾ പടികൾ കയറി എത്തേണ്ട സ്ഥിതിയാണ്. നടക്കാനാവാത്തവരെ ഒപ്പമെത്തുന്നവർ താങ്ങിപിടിച്ച് പടി കയറ്റേണ്ടിവരുന്നു. കാലിനു സ്വാധീനമില്ലാത്തവരടക്കമുള്ളവരെ എടുത്തുകൊണ്ടാണ് വരുന്നത്.
രണ്ടും മൂന്നും നിലകളിൽ എത്താൻ പെടാപ്പാട്
ആശുപത്രിയുടെ ശസ്ത്രക്രിയാ വാർഡുകളും തിയേറ്ററുകളുമെല്ലാം പുനഃക്രമീകരിച്ചത് ബി ആൻഡ് സി ബ്ലോക്കിലെ രണ്ടും മൂന്നും നിലകളിലാണ്. ലിഫ്റ്റ് ഇല്ലാതായതോടെ രോഗികളെ ഇവിടേക്ക് എത്തിക്കാനും ശസ്ത്രക്രിയ കഴിഞ്ഞവരെ വാർഡുകളിലേക്ക് മാറ്റാനുമൊക്കെ ഏറെ ബുദ്ധിമുട്ടായി.
രണ്ടും മൂന്നും നിലകളിൽ പേ വാർഡുകളുണ്ട്. ലേബർ വാർഡും ഓപ്പറേഷൻ തിയേറ്ററുമൊക്കെ ഇതേ നിലയിലാണ്. ഗർഭിണികൾ, അവശതയിലായ രോഗികൾ തുടങ്ങി പടി കയറാൻ ബുദ്ധിമുട്ടുള്ള ശാരീരിക ന്യൂനതയുള്ളവർ ഇവരൊക്കെ ഏറെ ബുദ്ധിമുട്ടിലാണ്.
വിഷയത്തിൽ അടിയന്തരമായ ഒരു ഇടപെടൽ ഇപ്പോഴും ആരോഗ്യവകുപ്പ് നടത്തിയിട്ടില്ല. സ്ഥലം എംഎൽഎകൂടിയായ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം രണ്ട് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകുന്നില്ല.
തകരാറിലായ ലിഫ്റ്റ് നന്നാക്കുന്ന ജോലികൾ ഇപ്പോഴും മെല്ലപ്പോക്കിലാണ്. വർഷങ്ങളായി തകരാറിലായിക്കിടക്കുന്ന ഒരു ലിഫ്റ്റും ഇതേ കെട്ടിടത്തിലുണ്ട്. ഏറെ ശോച്യാവസ്ഥയിലായ കെട്ടിടമാണ് ബി ആൻഡ് സി ബ്ലോക്ക്. ഇതു ബലപ്പെടുത്താനുള്ള നടപടികളും നടന്നുവരികയാണ്.