വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന വെള്ളിക്കുളങ്ങര കോണ്‍വെന്റ് സ്കൂൾ പരിസരത്തെ ജലക്ഷാമത്തിനു പരിഹാരമായി പുതിയ പദ്ധതി ഒരുങ്ങുന്നു. വെള്ളിക്കുളം വലിയതോടിന്റെ കരയിൽ സ്ഥാപിച്ചിട്ടുള്ള പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ വർഷങ്ങളായി ഈ പ്രദേശത്തുകാർ അനുഭവിക്കുന്ന ജലക്ഷാമം പരിഹരിക്കപ്പെടും.
വെള്ളിക്കുളങ്ങര വില്ലേജോഫീസ് റോഡിനും കോണ്‍വെന്റ് സ്കൂൾ റോഡിനും മധ്യേയുള്ള നൂറോളം കുടുംബങ്ങൾക്കാണ് വേനൽക്കാലത്ത് ജലക്ഷാമം അനുഭവപ്പെട്ടു വരുന്നത്. മാർച്ച് കഴിഞ്ഞാൽ ഇവിടെയുള്ള പല വീടുകളിലും കിണറുകൾ വറ്റുന്നതിനാൽ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബങ്ങൾ. ഇവരുടെ ദുരിതത്തിന് പരിഹാരമായാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തും കൊടകര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് രൂപം നൽകിയത്.
പദ്ധതിക്കായി രൂപീകരിച്ച ഗുണഭോക്തൃസമിതിയുടെ പ്രവർത്തനഫലമായി വെള്ളിക്കുളം തോട്ടിലെ ട്രാംവേ പാലത്തിനു സമീപം കുളം നിർമിക്കാനാവശ്യമായ മൂന്നുസെന്റ് സ്ഥലം വേളക്കാട്ടുകര മത്തായി എന്നയാൾ സൗജന്യമായി വിട്ടുനൽകി. 2016-17 സാന്പത്തിക വർഷത്തിൽ അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ കുളം നിർമിക്കുകയും കരിങ്കൽ കെട്ടി സംരക്ഷിക്കുകയും ചെയ്തു. അടുത്ത സാന്പത്തിക വർഷത്തിൽ പന്പ് ഹൗസ് നിർമിക്കുകയും പൈപ്പുകൾ വാങ്ങുകയും ചെയ്തു.
നടപ്പു സാന്പത്തിക വർഷത്തിൽ ഗ്രാമപഞ്ചായത്ത് നീക്കിവെച്ചിട്ടുള്ള 10 ലക്ഷം രൂപ അടക്കം മൊത്തം 29 ലക്ഷം രൂപ ചെലവിലാണ് വെള്ളിക്കുളങ്ങര ഇറിഗേഷൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവർത്തന ക്ഷമമാകുന്നതോടെ ഒട്ടേറെ കുടുംബങ്ങൾക്ക് നൂറേക്കറോളം സ്ഥലത്ത് ജലസേചന സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം പ്രദേശത്തെ കിണറുകളിൽ ജലവിതാനം ഉയർത്തി വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയുമെന്ന് വാർഡംഗം എ.കെ.പുഷ്പാകരനും ഗുണഭോക്തൃസമിതി ചെയർമാൻ രാജൻ വടാശേരിയും പറഞ്ഞു.
പൈപ്പുലൈനിന്റെ പണികൾ പൂർത്തീകരിച്ച് മേയ് അവസാനത്തോടെ പദ്ധതി പ്രവർത്തിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷ. വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷന്റെ രണ്ടാംഘട്ടമായി പത്താം വാർഡിൽപ്പെട്ട മോനൊടി കനാൽപരിസരത്തേക്ക് വെള്ളം പന്പുചെയ്തെത്തിക്കാനും പദ്ധതിയുണ്ട്.