ചന്ദ്രനില്‍ പോകണം എന്നാഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ചന്ദ്രനിലേക്ക് പോകാനായി നാട്ടില്‍നിന്ന് ഒരു ലിഫ്റ്റ് ഉണ്ടെങ്കിലോ. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നുപറയാന്‍ വരട്ടെ. ചന്ദ്രനിലേക്ക് ലിഫ്റ്റ് എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ഥി സായ് കിരണ്‍. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് സായ് കിരണ്‍ കണ്ടുപിടിച്ച ചന്ദ്രനിലേക്കുള്ള ലിഫ്റ്റ്.
ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് ലിഫ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ച് സായ് കിരണ്‍ വിശദമാക്കുന്നുണ്ട്. ചന്ദ്രനില്‍ മനുഷ്യവാസം തുടങ്ങാന്‍ ആവശ്യമായ ആശയങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു മത്സരത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. ഭൂമിയേയും ചന്ദ്രനെയും ബന്ധിപ്പിക്കുന്നതെന്ന് പേരിട്ടിരിക്കുന്ന തന്റെ പ്രൊജക്ടിലൂടെ മനുഷ്യരെ ലിഫ്റ്റ് വഴി ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തിക്കുക എന്ന ആശയമാണ് പങ്കുവെച്ചിരിക്കുന്നത്.
മനുഷ്യര്‍ക്കൊപ്പം ആവശ്യമായ ചരക്കുകളും ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തക്കുന്ന ലിഫ്റ്റിനെക്കുറിച്ചാണ് പ്രൊജക്ടിന്റെ ആദ്യഭാഗത്തില്‍ പറയുന്നത്. 40,000 കിലോമീറ്ററായിരിക്കും ചന്ദനിലേക്കുള്ള ലിഫ്റ്റിന്റെ ഉയരമെന്നും ഈ പ്ലസ് ടു കാരന് പങ്കുവയ്ക്കുന്നു. ചന്ദ്രനിലാണ് ഭൂമിയിലാണോ ഈ ലിഫ്റ്റ് സ്ഥാപിക്കേണ്ടതെന്ന് പ്രായോഗികതക്ക് അനുസരിച്ച് തീരുമാനിക്കാമെന്നും സായ് പറയുന്നു. സ്വപ്നസമാനമായ തന്റെ കണ്ടുപിടുത്തത്തിന് നാസയുടെ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍ സായ് കിരണ്‍.