ആലുവ: ആലുവയിൽ നാലുനില കെട്ടിടത്തിന്റെ ലിഫ്റ്റിൽ യുവതി കുടുങ്ങിയത് ഒന്നര മണിക്കൂർ. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ ഫ്രണ്ട്ഷിപ് ജംഗ്ഷനിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റിലാണ് സംഭവം.
സ്വകാര്യ ബാങ്കിൽ ഇടപാട് നടത്തി മടങ്ങിയ ആലുവ സ്വദേശി ദിൽഷാന ലിഫ്റ്റ് പാതിയിൽ നിന്നതോടെ ഇതിനുളളിൽ കുടുങ്ങുകയായിരുന്നു. ഒന്നാം നിലയിൽ എത്തിയാണ് ലിഫ്റ്റ് നിന്നതെങ്കിലും ഇത് ഡോറിന് അഭിമുഖമല്ലാത്തതിനാൽ ഇവിടെ ഇറങ്ങാനും കഴിഞ്ഞില്ല.
ഒടുവിൽ ആലുവയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കെട്ടിടത്തിനു മുകളിലെത്തി ലിഫ്റ്റിനെ നിയന്ത്രിച്ച് ഡോറിനു മുന്നിലേക്ക് നീക്കുകയായിരുന്നു.
തുടർന്ന് പുറത്തുനിന്ന് വാതിൽ പാളികൾ ശക്തിയായി തുറന്നതോടെ യുവതിക്ക് പുറത്തിറങ്ങാനായി.
ലിഫ്റ്റ് നിന്നുപോയശേഷം മണിക്കൂറുകളോളം താൻ ഇതിനകത്തുനിന്ന് ഒച്ചയെടുത്തിട്ടും ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്ന് യുവതി പറഞ്ഞു.
ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാർ ഒച്ചകേട്ട് പ്രതികരിച്ചപ്പോഴാണ് ആശ്വാസമായെന്നും ഇവർ പറഞ്ഞു. ഇവരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
രണ്ടു സ്ത്രീകൾ ഉണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും ലിഫ്റ്റ് തുറന്നപ്പോഴാണ് ഒരാൾ മാത്രമുള്ളൂവെന്ന് വ്യക്തമായത്.