തിരുവനന്തപുരം: വിദേശ വനിത ലിഗ കൊലക്കേസിലെ പ്രതികളായ ഉദയൻ, ഉമേഷ് എന്നിവരെ സാക്ഷി തിരിച്ചറിഞ്ഞു.
കേസിലെ പ്രോസിക്യൂഷൻ മൂന്നും,നാലും സാക്ഷികളായ സൂരജ്, ലാലു എന്നിവരാണ് പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം ലിഗയുടെ സഹോദരി അടക്കമുള്ള സാക്ഷികളെ വിസ്തരിച്ചെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല.തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
2018 മാർച്ച് 14 ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽകൂട്ടികൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.വിചാരണ നാളെയും തുടരും.
കാറ്ററിംഗ് ജീവനക്കാരനായ സൂരജ് പറഞ്ഞ മൊഴി
സ്ഥലവാസിയായ സൂരജ് സുഹൃത്തിന്റെ വിവാഹ ചടങ്ങിന് പോകുവാൻ പണം ഇല്ലാത്തതിനാൽ മറ്റൊരു കൂട്ടുകാരന്റെ പക്കൽ നിന്നും പണം കടം വാങ്ങുവാനായി തന്റെ വള്ളത്തിൽ പോയപ്പോൾ ചീലാന്തി കാട്ടിനടുത്ത് എത്തിയപ്പോൾ ദുർഗന്ധം അനുഭവപെട്ടു.
മീൻ ചീഞ്ഞു നാറുന്നതാവാം എന്ന് കരുതി സമീപത്തുകിടന്ന കുട്ട പൊക്കിനോക്കിയപ്പോൾ ഒന്നും കണ്ടില്ല. കല്യാണത്തിന് പോകാനുള്ള തിടുക്കം കാരണം വേഗത്തിൽ അവിടെനിന്നും പോയി.
അപ്പോൾ പ്രതികളെ കണ്ടു അവരോട് ചീലാന്തി കാട്ടിൽ നിന്ന് ദുർഗന്ധം വരുന്ന കാര്യം പറഞ്ഞു.അവിടെ പോയി നോക്കാമെന്ന് പറഞ്ഞപ്പോൾ അവിടെ നീർനായ ഉണ്ടാകുമെന്ന് പറഞ്ഞ് പ്രതികൾ പിന്തിരിപ്പിച്ചെന്ന് സൂരജ് പറഞ്ഞു.
സംഭവത്തിനുശേഷം ആക്സിഡന്റ് സംഭവിച്ച് സൂരജ് കിടപ്പിലായി.അപ്പോൾ ടീവിയിലൂടെയാണ് ലിഗയെ കാണാതായ കാര്യവും തുടർന്ന് മരണ വിവരവും അറിയുന്നത്.
പ്രതികൾ രണ്ടു പേരും സുഹൃത്തുക്കളായിട്ടും പോലീസിനോട് കണ്ട കാര്യം പറഞ്ഞത് മാനുഷിക പരിഗണന മൂലമാണെന്ന് സൂരജ് പറഞ്ഞു.
മത്സ്യബന്ധന തൊഴിലാളി ലാലു പറഞ്ഞ മൊഴി
കാട്ടിനുള്ളിലെ വള്ളികളിൽ ഒരു മദാമ്മയുടെ ശരീരം കിടക്കുന്നതായി തന്റെ സുഹൃത്ത് പറഞ്ഞതായി ലാലു മൊഴി നൽകി. സമീപത്തായി രണ്ടു പ്രതികളും ഉണ്ടായിരുന്നു.
അവർ അവിടെ മീൻ പിടുത്തവുമായി നിൽക്കുകയായിരുന്നു.ഇത് ആരോടും പറഞ്ഞില്ല പിന്നീട് ചീട്ട് കളിക്കുന്നതിനിടയിലാണ് ഇക്കാര്യം പറയുന്നത്.തുടർന്ന് ഇക്കാര്യങ്ങൾ പോലീസ് ചോദിച്ചപ്പോഴും മൊഴിനൽകിയെന്ന് ലാലു പറഞ്ഞു.