തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ആറോളം പേർ പോലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും കൂടുതൽ തെളിവുകൾക്കായി പോലീസ് ശ്രമിക്കുന്നതിനാൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു പൊലീസിന് ലഭിച്ചേക്കും.
കസ്റ്റഡിയിയുള്ള രണ്ടുപേർ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. . ഇവർ പ്രദേശവാസികളാണ്. ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കസ്റ്റഡിയിലുള്ളവരുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിച്ചാൽ ഇന്നുതന്നെ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.
കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ ശക്തമായ സാക്ഷി മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പ്രദേശവാസികളെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
മൃതദേഹം കാണപ്പെട്ട പ്രദേശത്ത് മദ്യപാനവും ലഹരി ഉപയോഗവും ചീട്ടുകളിയും നടത്തി വന്നിരുന്നുവെന്ന പ്രദേശ വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കുകയും ഈ പ്രദേശത്ത് തന്പടിച്ചിരുന്നവരെ മുഴുവൻ പേരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ലിഗയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങാൻ ഇടയായത്.
ലിഗയുടെ മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ വിലകൂടിയ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇൽസി തിരിച്ചറിഞ്ഞിരുന്നു. ലിഗയുടേതല്ലാത്ത ചെരിപ്പ് കണ്ടെത്തിയതും സംശയങ്ങൾക്ക് ഇട വരുത്തിയിരുന്നു.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും പ്രതികളെന്ന് സംശയിക്കുന്നവരുടെ രോമങ്ങളും തലമുടിയും ത്വക്കിന്റെ ഭാഗങ്ങളും ഫോറൻസിക് വിദഗ്ധർ സ്ഥലം സന്ദർശിച്ച് ശേഖരിച്ചിരുന്നു. ഇവ കസ്റ്റഡിയിലുള്ളവരുടേതാണോയെന്നും തിരിച്ചറിയേണ്ടതുണ്ട്.
ലിഗയുടെ സംസ്കാരം നാളെ
തിരുവനന്തപുരം: തലസ്ഥാനത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സംസ്കാരം നാളെ നടക്കും. തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം നടക്കുക. ലിഗയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സസ്കാരം നാളെ വൈകുന്നേരത്തോടെ നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ലിഗയുടെ സഹോദരി അടുത്തയാഴ്ചയോടെ സ്വദേശത്തേയ്ക്ക് മടങ്ങും.