വിഴിഞ്ഞം: തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ തലയറ്റ് ജീർണിച്ച നിലയിൽ കാണപ്പെട്ട മൃതദേഹം പോത്തൻകോട്ടുനിന്നു കാണാതായ ലിത്വനിയ സ്വദേശി ലിഗ (33) യുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ലിഗയുടെ ഭർത്താവ് ആൻഡ്രൂസ്, സഹോദരി ഇലിസ് എന്നിവർ ഇന്നലെ തിരുവല്ലത്തെ കുറ്റിക്കാട്ടിലെത്തിയാണു മൃതദേഹം തിരിച്ചറിഞ്ഞത്. ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്.
കൂടുതൽ സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടി ഇന്നു പൂർത്തിയാകും. തിരിച്ചറിയൽ പരിശോധന നടക്കുന്നതിനിടെ മൃതദേഹത്തിൽ തൊടണമെന്ന് ആൻഡ്രൂസ് നിർബന്ധം പിടിച്ചതു കുറച്ചു നേരം നാടകീയ രംഗങ്ങൾക്കു വഴിതെളിച്ചു. ഉദ്യോഗസ്ഥർ ഇടപെട്ടു രംഗം ശാന്തമാക്കി
ഇക്കഴിഞ്ഞ ദിവസം വൈകുന്നേരമാണു പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടത്. ലിഗയുടെ മൃതദേഹമാകാമെന്ന സംശയത്തിൽ പോലീസ് അവരുടെ ഭർത്താവ് ആൻഡ്രൂസ്, സഹോദരി ഇലിസ് എന്നിവരോടു തിരുവനന്തപുരത്തെത്താൻ നിർദേശിക്കുകയായിരുന്നു.
ഈ സമയം ഇരുവരും കാസർഗോഡ് ലിഗയ്ക്കു വേണ്ടി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇരുവരും ഇന്നലെ രാവിലെയോടെ തിരുവനന്തപുരത്തെത്തി. ലിഗ എങ്ങനെ കുറ്റിക്കാട്ടിൽ എത്തിയെന്നതിൽ ദുരൂഹതകൾ ഉണ്ട്. കൊലപാതക സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് ലിഗയുടെ ഭർത്താവ് ആൻഡ്രൂസ്, സഹോദരി ഇലിസ് എന്നിവരുടെ സാന്നിധ്യത്തിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കി.
ഫോറൻസിക് പരിശോധനയും നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂയെന്ന് സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ് വ്യക്തമാക്കി. വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിയ ലിഗയെ ഒരു മാസം മുൻപാണ് കാണാതായത്.
പോത്തൻകോട്ടുനിന്നു ലിഗ ഓട്ടോറിക്ഷയിൽ കോവളത്തെത്തിയിരുന്നുവെന്നു പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല.