വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: തെ​ളി​വെ​ടു​പ്പ് ഇ​ന്ന് പൂ​ർ​ത്തി​യാ​കും; പ്രതികൾക്ക് സഹായം ചെയ്ത സുഹൃത്തുകളെയും പ്രതികളാക്കിയേക്കും

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക​ളു​ടെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന് പൂ​ർ​ത്തി​യാ​കും. കേ​സി​ലെ പ്ര​തി​ക​ളാ​യ ഉ​മേ​ഷ് (28), ഉ​ദ​യ​ൻ (24) എ​ന്നി​വ​രു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട വാ​ഴ​മു​ട്ട​ത്തെ പൊ​ന്ത​ക്കാ​ട്ടി​ലും പ്ര​തി​ക​ളു​ടെ വീ​ട്ടി​ലും എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​ക ദി​വ​സം ഉ​മേ​ഷ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ പോ​ലീ​സ് സം​ഘം ഉ​മേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ദേ​ശ വ​നി​ത​യു​ടെ അ​ടി​വ​സ്ത്ര​വും ചെ​രി​പ്പും സ​മീ​പ​ത്തെ പു​ഴ​യി​ൽ നി​ക്ഷേ​പി​ച്ചെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പു​ഴ​യി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​വ​രെ​യും ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന താ​വ​ള​ത്തി​ൽ എ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

പ്രതികൾക്ക് സഹായം ചെയ്ത സുഹൃത്തുകളെയും കേസിൽ പോലീസ് പ്രതികളാക്കിയേക്കുമെന്നാണ് സൂചന. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി വ്യാഴാഴ്ച പൂർത്തിയാകുന്നതിനാൽ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്.

Related posts