തിരുവനന്തപുരം: വിദേശ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവരെയും കൂട്ടിയുള്ള തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. കോവളത്തും സമീപ പ്രദേശങ്ങളിലുമാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പ് നടത്തുന്നത്. പ്രതികൾക്ക് ലഹരിമരുന്നുകളും കഞ്ചാവും ലഭിച്ച കേന്ദ്രങ്ങളിലെത്തിച്ചാകും ഇന്നത്തെ തെളിവെടുപ്പ്.
തങ്ങൾക്ക് കഞ്ചാവ് ആരാണ് നൽകിയതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തോട് പ്രതികൾ ചോദ്യം ചെയ്യൽ വേളയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടിൽ ഇന്ന് തെളിവെടുപ്പിനായി പ്രതികളെ എത്തിക്കില്ല.
വരും ദിവസങ്ങളിൽ മാത്രമെ പൊന്തക്കാട്ടിലേക്ക് തെളിവെടുപ്പ് നടത്താനായി പ്രതികളെ കൊണ്ട് പോകുകയുള്ളുവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 14 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ട് തരണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി ഈ മാസം 17 വരെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
യുവതിയെ മാനഭംഗപ്പെടുത്താനും കൊലപ്പെടുത്താനും സഹായം ചെയ്ത് കൊടുത്തവരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ചോദ്യം ചെയ്യൽ വേളയിൽ പലരുടെയും പേരുകൾ വെളിപ്പെടുത്തിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇവരിൽ ചിലർ പോലീസ് കസ്റ്റഡിയിലും പോലീസിന്റെ നിരീക്ഷണത്തിലുമാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.