തിരുവനന്തപുരം: തിരുവനന്തപുരത്തു മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ മരണത്തിൽ ദുരൂഹതയില്ലെന്നു പോലീസ്. മരണം വിഷം ഉള്ളിൽചെന്നാകാമെന്നു സംശയിക്കുന്നതായി അറിയിച്ച പോലീസ്, യുവതിയുടെ ശരീരത്തിനോ ആന്തരിക അവയവങ്ങൾക്കോ പരിക്കില്ലെന്നു വ്യക്തമാക്കി.
മൃതദേഹം പഴകിയപ്പോൾ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയിൽ കണ്ടെത്തിയതെന്നാണു പോലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പോത്തൻകോട്ടുനിന്നു കാണാതായ ലിത്വനിയ സ്വദേശിനി ലിഗ (33) യുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ലിഗയുടെ ഭർത്താവ് ആൻഡ്രൂസ്, സഹോദരി ഇലിസ് എന്നിവർ തിരുവല്ലത്തെ കുറ്റിക്കാട്ടിലെത്തിയാണു മൃതദേഹം തിരിച്ചറിഞ്ഞത്.
ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്. കൂടുതൽ സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധനയ്ക്കായി സാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ലിഗയെ ഒരു മാസം മുൻപാണ് കാണാതായത്. പോത്തൻകോട്ടുനിന്നു ലിഗ ഓട്ടോറിക്ഷയിൽ കോവളത്തെത്തിയിരുന്നുവെന്നു പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല. ലിത്വനിയ വംശജയാണെങ്കിലും അഞ്ചു വർഷമായി ലിഗയും കുടുംബവും അയർലണ്ടിലാണു താമസിക്കുന്നത്.