വിഴിഞ്ഞം: കരയും കടലും അരിച്ചു പെറുക്കിയ പോലീസിനും സ്നിഫർ ഡോഗുകൾക്കും കാണാതായ വിദേശ വനിത ലിഗ സ്ക്രോമനെ ഇന്നലെയും കണ്ടെത്താനായില്ല. കോവളം ഉൾപ്പെടെയുള്ള തീരദേശത്തും സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും അന്വേഷണം ശക്തമായി തുടരുന്നു.
ഒരാഴ്ച മുൻപ് കോവളം ഗ്രോബീച്ചിൽ ഓട്ടോയിൽ വന്നിറങ്ങിയ ലിഗ പിന്നെ എങ്ങോട്ടു പോയി എന്ന് ആർക്കുമറിയില്ല. ഓട്ടോ ഡ്രൈവറെ ഇന്നലെ വിളിച്ചു വരുത്തിയ പോലീസ് വിശദീകരണം തേടിയെങ്കിലും സമീപത്തെ സിസിടിവികളിൽ ഒന്നും ഇവരുടെ ചിത്രം പതിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നു.
കോവളം വിനോദസഞ്ചാര കേന്ദ്രത്തിലെ മുഴുവൻ പ്രദേശങ്ങളും ഇന്നലെ രാവിലെ മുതൽ ഡിവൈഎസ്പി ദത്തൻ, സിഐ ഷിബു, എസ്ഐമാർ എന്നിവരുടെ മേൽനോട്ടത്തിൽ അൻപതോളം പോലീസുകാർ തിരച്ചിലിനിറങ്ങി. റിസോർട്ടുകളും സ്റ്റേ ഹോമുകളും ഹോട്ടലുകളും മസാജ് സെന്ററുകളും പാറക്കൂട്ടങ്ങളും പുൽക്കാടുകളും എല്ലാം സം ഘം അരിച്ചുപെറുക്കി.
ലിഗയുടെ വസ്ത്രങ്ങളിൽ നിന്ന് മണം ശേഖരിച്ച് എല്ലായിടവും കയറിയിറങ്ങിയ പോലീസ് നായ്കളും വൈകുന്നേരത്തോടെ മടങ്ങി. മുല്ലൂർ, ചൊവ്വര, അടിമലത്തുറ, പൊഴിയൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിശോധനകൾ ഇന്നലെ രാത്രി എട്ടോടെ അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം കുളച്ചൽ തീരത്തടിഞ്ഞ യുവതിയുടെ മൃതദേഹം ലിഗയുടെതല്ലെന്ന് പറയുന്നെങ്കിലും ഡിഎൻഎ ഫലം കാത്തിരിക്കുകയാണ് പോലീസ്. ഇതോടെയാണ് കടലിലേക്കുള്ള പരിശോധനയും ഊർജിതമാക്കിയത്. തീരദേശസ്റ്റേഷൻ സിഐ ജയചന്ദ്രന്റെ മേൽനോട്ടത്തിൽ ഉൾക്കടൽ വരെ തിരച്ചിൽ തുടർന്നു.
രണ്ട് ദിവസമായി മറ്റു കേസുകളുടെ അന്വേഷണവും സ്റ്റേഷൻ കാര്യങ്ങൾ പോലും നിർത്തിവച്ചാണ് ലിഗക്ക് വേണ്ടി വിഴിഞ്ഞം, കോവളം പോലീസ് രംഗത്തിറങ്ങിയത്.നാട്ടുകാർ സംശയം പറഞ്ഞ മുക്കിലും മൂലയിലും പോലീസ് അന്വേഷണവുമായെത്തിയെങ്കിലും ഫലമുണ്ടായില്ല.
വിഷാദ രോഗ ചികിത്സക്കായി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയതായിരുന്നു ലിഗ. ഫോണും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉപേക്ഷിച്ച് ഓട്ടോയിൽ കോവളത്ത് എത്തിയ ശേഷം ഇവരെ കാണാതായതാണ് പോലീസിന് വിനയായത്. അന്വേഷണം ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.