കോഴിക്കോട്: കോഴിക്കോട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലൈറ്റ് മെട്രോ എന്ന സ്വപ്നം ഇനി എന്താകുമെന്ന കാര്യം ചോദ്യചിഹ്നമാകുന്നു. ജില്ലയിലെ എല്‍ഡിഎഫ് എല്‍എല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തെ തന്നെ ലൈറ്റ് മെട്രോയോട് താത്പര്യമില്ലായിരുന്നു.
മേല്‍പ്പാലങ്ങളും വീതിയുള്ള റോഡുകളുമാണ് ജില്ലയില്‍ വേണ്ടതെന്ന നിലപാടായിരുന്നു ഇടത് എംഎല്‍എമാര്‍ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ സര്‍ക്കാര്‍ കാലത്ത് ലൈറ്റ്മെട്രോ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാനുള്ള സാധ്യത ഇല്ല. പദ്ധതിയില്‍നിന്ന് പിന്മാറാന് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) തീരുമാനിച്ചതോടെ ലൈറ്റ് മെട്രോ യാഥാര്‍ഥ്യമാകില്ലെന്ന് ഇപ്പോള്‍ ഉറപ്പാകുകയും ചെയ്തു.
ലൈറ്റ് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ബൈപാസിലെ ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിഎംആര്‍സിയുടെ ഓഫീസ് കഴിഞ്ഞ മാസം 28ന് അടച്ചുപൂട്ടിയിരുന്നു. ഈ ഓഫീസിലുള്ള വസ്തുക്കളെല്ലാം ഈ മാസം പതിനഞ്ചിനകം മാറ്റും. എല്ലാ ജീവനക്കാരെയും തിരിച്ചുവിളിച്ചുകഴിഞ്ഞു. മൂന്ന് എന്‍ജിനീയര്‍മാരടക്കം അഞ്ചു ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. ഫെബ്രുവരി പതിനഞ്ചിനകം ലൈറ്റ്മെട്രോ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നീക്കം ഉണ്ടായില്ലെങ്കില്‍ പന്മാറുമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാറിനു ഡിഎംആര്‍സി കത്തുനല്‍കിയിരുന്നു.
കോഴിക്കോട്ടുകാര്‍ക്ക് വാനോളം പ്രതീക്ഷ നല്‍കിയാണ് ലൈറ്റ് മെട്രോ പ്രഖ്യാപനം വന്നിരുന്നത്. 2500 കോടിയുടേതാണ് പദ്ധതി.ഇതിനു കേന്ദ്ര സര്‍ക്കാറിന്റെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന്റെ അനുമതി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനു കഴിയാതിരുന്നതാണ് തിരിച്ചടിയായത്.
കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനും നടപടിയെടുത്തിരുന്നില്ല. ലൈറ്റ് മെട്രോയുടെ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വേ കോഴിക്കോട്ട് പൂര്‍ത്തിയാക്കിയിരുന്നു. മീഞ്ചന്ത മുതല്‍ മെഡിക്കല്‍ കോളജ് വരെയാണ് ലൈറ്റ് മെട്രോയ്ക്ക് സ്ഥലം നിശ്ചയിച്ചിരുന്നത്. 13.30 കിലോമീറ്റര്‍ ദൂരം. ഇതിനിടയില്‍ 14 സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടിരുന്നു.10.05 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്ക് ഏറ്റെടുക്കേണ്ടിയിരുന്നത്.