കാഠ്മണ്ഡു: നേപ്പാൾ വിമാനദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് വിമാനത്തിന്റെ ചിറകിലെ പുറംപാളികൾ പൂർണമായും വിന്യസിക്കുന്നതിൽ പൈലറ്റ് പരാജയപ്പെട്ടതാകാം ദുരന്തകാരണമെന്ന് വിദഗ്ധർ അനുമാനിക്കുന്നു.
വിമാനം ലാൻഡ് ചെയ്യുന്ന ഘട്ടത്തിൽ ചിറകുകൾക്കു പിന്നിൽ പുറംപാളികൾ (ഫ്ളാപ്) പൂർണമായും താഴ്ത്തും. വേഗത കുറയുന്ന ഘട്ടത്തിലെ നിയന്ത്രണത്തിനും വിമാനം തെന്നിമറിയുന്നത് തടയുന്നതിനുമാണിത്.
ഈ പ്രക്രിയ നടന്നിട്ടില്ല എന്നാണ് അനുമാനം. എന്നാൽ, ഫ്ളൈറ്റ് ഡാറ്റ റിക്കാർഡറും ബ്ലാക് ബോക്സും പരിശോധിച്ചശേഷമേ അന്തിമനിഗമനത്തിൽ എത്താനാകൂ എന്നും വിശദീകരണമുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനു സമീപം യതി എയർലൈൻസിന്റെ വിമാനം തകർന്നുവീണത്.
കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു രാവിലെ 10:33 ന് പറന്നുയര്‍ന്ന 9 എന്‍-എഎന്‍സി എടിആര്‍-72 വിമാനം പതിനൊന്നരയോടെയാണ് മലയിടുക്കിൽ തകർന്നുവീണത്.
അപകടകാരണം പരിശോധിക്കാൻ ഫ്രാൻസിൽനിന്നുള്ള ഒന്‍പതംഗ സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്. 72 സീറ്റുള്ള വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരുമാണുണ്ടായിരുന്നത്.
71 പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നേപ്പാൾ സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സംഘം അന്വേഷണം തുടരുകയാണ്.