രാജപുരം: കോവിഡ് വ്യാപനത്തോടെ നാട്ടിലെ ആഘോഷങ്ങളും പൊതുപരിപാടികളും അവസാനിച്ചിട്ട് മാസങ്ങളായി. ഇനി എപ്പോള്‍ പഴയതുപോലെ ആകുമെന്നും അറിയില്ല.
ഇതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി അണുനശീകരണ തൊഴിലിനിറങ്ങിയിരിക്കുകയാണ് രാജപുരത്തെ കിംഗ്സ് ലൈറ്റ് ആന്‍ഡ് സൗണ്ട് കടയുടമ കെ.എം. ബാബു.
ലക്ഷങ്ങള്‍ കടം വാങ്ങി മൂന്ന് വര്‍ഷം മുമ്പാണ് രാജപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട് കട തുടങ്ങിയത്. എന്നാല്‍ കോവിഡ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.
ഈ വര്‍ഷം സീസണിന്റെ തുടക്കത്തില്‍ തന്നെ കോവിഡ് പടരാന്‍ തുടങ്ങിയതോടെ ഉത്സവങ്ങളും പള്ളിപെരുന്നാളും ഉറൂസും പാര്‍ട്ടി പൊതുയോഗങ്ങളുമടക്കം നിലച്ചു. ആവശ്യക്കാരില്ലാത്തതിനാല്‍ ഇപ്പോള്‍ കട അടച്ചിട്ടിരിക്കുകയാണ്. വാടക കൊടുക്കാന്‍ പോലും കഴിയാതായി.
ഇതേത്തുടര്‍ന്നാണ് നാടിന് പ്രയോജനം ചെയ്യുന്നതും വീട്ടുച്ചെലവുകള്ക്ക് വരുമാനം കണ്ടെത്താനാകുന്നതുമായ മറ്റൊരു തൊഴിലിനെക്കുറിച്ച് ബാബു ചിന്തിച്ചത്.
30,000 രൂപ മുടക്കി അണുനശീകരണത്തിനാവശ്യമായ ഉപകരണങ്ങളും അണുനാശിനികളും വാങ്ങി. അഗ്നിരക്ഷാസേനയുടെ അനുമതിയും ലഭിച്ചു.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ബാബു അണുനശീകരണം നടത്തുന്നത്. കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ കഴിഞ്ഞ വീടുകള്‍, കടകള്‍, വാഹനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അണുനശീകരണം ആവശ്യമായി വരുന്നത്.
വേതനവും ആവശ്യമായ വസ്തുക്കളും ഉപകരണ വാടകയുമടക്കം 250 മുതല്‍ 1,000 രൂപ വരെയാണ് ആവശ്യക്കാരില്‍ നിന്ന് വാങ്ങുന്നത്. കഴിഞ്ഞ ദിവസം കള്ളാര്‍ പഞ്ചായത്ത് ഓഫീസിൽ അണുനശീകരണം നടത്തിക്കൊണ്ടായിരുന്നു തുടക്കം.
കോവിഡ് ഭീഷണി വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഏതുഭാഗത്ത് ആവശ്യം വന്നാലും പോകാന്‍ തയാറാണെന്നും ബാബു പറയുന്നു.