ഇടിമിന്നലേറ്റ് 14 വയസുകാരി മരിച്ചു. അഞ്ച് പേർക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരം മേഖലയിലാണ് സംഭവം.
ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മകൻപൂർ ഗ്രാമത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.
സംഭവം നടക്കുമ്പോൾ മരത്തിനടിയിൽ ഇരിക്കുകയായിരുന്നു ഇവർ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഹനുമാൻ ക്ഷേത്രത്തിനു പിന്നിലെ ചേരിപ്രദേശത്തുള്ളവരാണ്. രാവിലെ ഇവർ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അപകടം.
കനത്ത മഴയെത്തുടർന്ന് ഇവർ ഹനുമാൻ ക്ഷേത്രത്തിന് സമീപത്തെ മരത്തിന്റെ ചുവട്ടിൽ അഭയം തേടി. ഈ സമയത്താണ് ഇടിമിന്നലേറ്റ് ഒരു പെൺകുട്ടിയും യുവതിയുമുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റത്.
റിപ്പോർട്ടുകൾ പ്രകാരം മരിച്ച പെൺകുട്ടിയുടെ തലയിൽ നേരിട്ട് മിന്നൽ പതിക്കുകയും അവളുടെ മുടിയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും കത്തുകയും ചെയ്തു. കൂടാതെ ജാസ്മിൻ, അജ്മേരി ഖാത്തൂൻ, ഷാലൗ, ഷബാന, നന്ദിനി എന്നിവർക്കും പരിക്കേറ്റു. ഇവരെ ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാലുവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെല്ലാം ബീഹാറിലെ പൂർണിയ, മധേപുര ജില്ലകളിൽ നിന്നുള്ളവരാണ്.
വീടിന് നേരെ ഇടിമിന്നലേറ്റ സംഭവം കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇടിമിന്നലുണ്ടായപ്പോൾ എങ്ങനെയാണ് ശക്തമായ സ്ഫോടനവും പ്രകാശപ്രവാഹവും ഉണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമായി കാണിക്കുന്നു.