ടി.പി.സന്തോഷ്കുമാർ
കഴിഞ്ഞ 26 വർഷത്തോളമായി തൊടുപുഴ കോലാനി സ്വദേശി ഷാജുവിന്റെ ശബ്ദം ഉച്ചഭാഷിണിയിലൂടെ നഗരവാസികൾ കേട്ടു തുടങ്ങിയിട്ട്.
പൊതുപരിപാടികളുടെയും കട ഉദ്ഘാടനങ്ങളുടെയും രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക യോഗങ്ങളുടെയും മറ്റും വിവരങ്ങൾ ഉച്ചഭാഷിണികളിലൂടെ നാട്ടുകാരെ കേൾപ്പിച്ചിരുന്നത് ഷാജുവായിരുന്നു.
എന്നാൽ കോവിഡ് മഹാമാരി നാടിനെ ദുരിതക്കടലിൽ മുക്കിയപ്പോൾ ഷാജുവിന്റെ മുഴക്കമുള്ള ശബ്ദം എവിടെയും കേൾക്കാതായി. നാട്ടിലെ വിവരങ്ങൾ ജനങ്ങളിലെത്തിച്ചിരുന്ന മൈക്കുകളും ആംപ്ലിഫയറും ഉൾപ്പെടെയുള്ളവ ഷാജുവിന്റെ കടയുടെ മൂലയ്ക്ക് പൊടിപിടിച്ചു കിടക്കുന്നു.
പരിപാടികളും ആഘോഷങ്ങളും നിലച്ചതോടെ കുടുംബത്തെ പോറ്റാൻ മറ്റു തൊഴിൽതേടേണ്ട അവസ്ഥയിലായി ഇദ്ദേഹം. ഇത് ഈ ചെറുപ്പക്കാരന്റെ മാത്രം അനുഭവമല്ല. മറിച്ച് ഇതുപോലെ തൊഴിൽ ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നവരുടെ അവസ്ഥ കൂടിയാണ്.
ശബ്ദവും വെളിച്ചവും നൽകുന്നത്…
പള്ളിമൈതാനികളിലും ഉത്സവപ്പറന്പുകളിലും മുഴങ്ങിയിരുന്ന ഈ അനൗണ്സ്മെന്റ് ഇപ്പോൾ കേൾക്കാനില്ല. കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് ആഘോഷങ്ങൾക്ക് തിരശീല വീണപ്പോൾ ഈ അനൗണ്സ്മെന്റിൽ പേരുപറയുന്ന ഉടമകൾ പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്.
ഒരുപക്ഷേ കോവിഡിന്റെ പേരിൽ കൂടുതൽ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിൽ മുൻപന്തിയിലാണിവർ.
തിരുനാളുകളും ഉത്സവങ്ങളും മറ്റുപൊതുപരിപാടികളും നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലും കടക്കണിയിലായവരാണ് ആഘോഷങ്ങൾക്ക് ശബ്ദവും വെളിച്ചവും നൽകിയിരുന്ന ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമകൾ.
ഏഴുമാസത്തോളമായി ഇവർക്ക് പരിപാടികളില്ലാത്തതിനാൽ ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനം നടത്തിയിരുന്നവരും ഈ പ്രസ്ഥാനങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന നൂറുകണക്കിന് തൊഴിലാളികളും ജീവിതം മുന്നോട്ടു പോകാനാകാതെ ഉഴലുകയാണ്.
സീസണിൽ ചാകര
ഒരു വർഷം സീസണ് സമയത്ത് ലഭിക്കുന്ന പരിപാടികൾ കൊണ്ട് ജിവിതം മുന്നോട്ടു നയിക്കുന്നവരാണ് ലൈറ്റ് ആന്റ് സൗണ്ട് ഉടമകളും ജീവനക്കാരും. ഉത്സവ കാലങ്ങളിലുള്ള പരിപാടികളാണ് സ്ഥാപന ഉടമകളുടെയും തൊഴിലാളികളുടെയും പ്രധാന വരുമാന മാർഗം.
സെപ്റ്റംബർ ഒന്നിന് എട്ടു നോന്പു തിരുനാളുകളോടെ തുടങ്ങുന്ന സീസണ് അടുത്ത ഏപ്രിലിലാണ് അവസാനിക്കുന്നത്. ഈ കാലയളവിലാണ് പള്ളികളിലും ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ നടക്കുന്നത്.
ഇവിടെ പരിപാടികൾക്ക് ശബ്ദവും വെളിച്ചവും നൽകുന്നതിനു പുറമേ അലങ്കാരദീപങ്ങൾ ഒരുക്കുന്നതും നഗരം അലങ്കരിക്കുന്നതുമെല്ലാം ഇവരുടെ ജോലിയുടെ ഭാഗമാണ്.
വലിയ തിരുനാളുകളിലും ഉത്സവങ്ങളിലും ലക്ഷങ്ങളുടെ ശബ്ദ, വെളിച്ച സംവിധാനവും ദീപാലങ്കാരവുമാണ് ഒരുക്കുന്നത്. ഇതിനുപുറമേ കൂടുതൽ വിവാഹങ്ങൾ നടക്കുന്ന സമയം കൂടിയായതിനാൽ ഇതിന്റെ വർക്കുകളും ലഭിക്കും.
കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചടങ്ങുകൾ, വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പൊതു യോഗങ്ങൾ, മറ്റ് പൊതു പരിപാടികൾ എന്നിവയെല്ലാം ലഭിക്കും.
മുൻകാലങ്ങളെ അപേക്ഷിച്ച് വിവാഹച്ചടങ്ങുകളിൽ ഗാനമേളകൾ ഉൾപ്പെടെയുള്ള കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതെല്ലാം കോവിഡിന്റെ പശ്ചാത്തലത്തിൽ അന്യമായി.
അതിജീവനത്തിന് വഴി കാണാതെ
നൂറുകണക്കിന് തൊഴിലാളികളാണ് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ ജോലി ചെയ്തു വന്നിരുന്നത്. ജില്ലയിൽ ചെറുതും വലുതുമായ 600-ഓളം മൈക്ക് സെറ്റ് ഉടമകളുണ്ട്.
ഇവരുടെ കീഴിൽ രണ്ടായിരത്തോളം തൊഴിലാളികളും ഇതിനെ ആശ്രയിച്ചു കഴിയുന്നു. മികച്ച വരുമാനമാണ് ഈ മേഖലയിൽ നിന്നും തൊഴിലാളികൾക്ക് ലഭിച്ചിരുന്നത്.
പക്ഷെ കോവിഡ് മൂലം പൊതു പരിപാടികൾക്കെല്ലാം നിരോധനം വന്നതോടെ ഈ തൊഴിൽ മേഖല തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കെത്തി.
വായ്പയെടുത്തും മറ്റും ലക്ഷങ്ങൾ ചെലവിട്ടാണ് പലരും ഉപകരണങ്ങൾ വാങ്ങിയത്. ഇത്തരം ഉപകരണങ്ങളെല്ലാം തുരുന്പെടുത്ത് കാലഹരണപ്പെടുന്ന സ്ഥിതിയായി.
വലിയ ഗാനമേളകൾക്കും മറ്റും സൗണ്ട് സിസ്റ്റമൊരുക്കുന്നതിന് ആവശ്യമായ സ്പീക്കറുകളും മിക്സറും മറ്റും വാങ്ങണമെങ്കിൽ 60 ലക്ഷത്തിനു മുകളിൽ വില വരും.
കൂടാതെ ലക്ഷങ്ങൾ വിലയുള്ള ജനറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയെല്ലാം വെയിലും മഴയുമേറ്റ് നശിക്കുകയാണ്. ഇവ സംരക്ഷിക്കുന്നതു തന്നെ ഇപ്പോൾ ഭാരിച്ച ജോലിയാണ്.
പരസ്യപ്രചാരണങ്ങളും നിലച്ചു
ആഘോഷപരിപാടികളുടയും വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളുമൊക്കെ വലിയ സംഭവമാക്കുന്നതിനു പിന്നിൽ പരസ്യപ്രചാരണങ്ങൾ മുഖ്യ സ്ഥാനത്തായിരുന്നു.
പല ആഘോഷങ്ങൾക്കും പുറമേ പല സ്ഥലങ്ങളിലും നടന്നുവന്നിരുന്ന ഫെസ്റ്റുകളും കോവിഡിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ചു. ഇതെല്ലാം പരസ്യപ്രചാരണ രംഗത്തു പ്രവർത്തിച്ചിരുന്നവരെ പട്ടിണിയിലേക്കു തള്ളിവിട്ടു.
വാഹനങ്ങളിലെ പ്രചാരണങ്ങളും പരസ്യ ബോർഡുകൾ സ്ഥാപിച്ചുള്ള പ്രചാരണങ്ങളും നിലച്ചതോടെ ഒട്ടേറെ പേർക്കാണ് തൊഴിൽ നഷ്ടമായത്. കട ഉദ്ഘാടനങ്ങൾക്കും മറ്റും ആൾക്കൂട്ടം ഒഴിവാക്കിയതോടെ പരസ്യ പ്രചാരണങ്ങളുടെ ആവശ്യവും ഇല്ലാതായി.
ദുരിതബാധിതരുടെ പട്ടിക നീളുന്നു
ദുരിതങ്ങളനുഭവിക്കുന്നവരുടെ പട്ടിക ഇവിടെ തീരുന്നില്ല. പന്തൽ നിർമാതാക്കൾ, ഹയറിംഗ് സെന്റർ നടത്തിപ്പുകാർ, ഡെക്കറേഷൻ ജോലി ചെയ്തിരുന്നവർ, ഇലക്ട്രിക്കൽ ജോലി ചെയ്യുന്നവർ, കമാനമൊരുക്കുന്നവർ, അലങ്കാര വസ്തുക്കൾ വാടകയ്ക്ക് നൽകിയിരുന്നവർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരെല്ലാം വരുമാനമില്ലാതെ നട്ടം തിരിയുകയാണ്.
ഈ രംഗത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾ കൂലിപ്പണിയും വയറിംഗ് ജോലികളും മറ്റും ചെയ്താണ് ഇപ്പോൾ കുടുംബം പോറ്റുന്നത്. സ്ഥാപന ഉടമകളുടെ കാര്യമാണ് ഇതിലും ദയനീയം. കടമെടുത്തും മറ്റും പ്രസ്ഥാനം നടത്തിയിരുന്നവർക്ക് എന്തു ചെയ്യണമെന്ന് അറിയില്ല.
സ്ഥാപനമോ ഉപകരണങ്ങളോ വിറ്റ് ബാധ്യത തീർക്കാമെന്ന് വച്ചാൽ വാങ്ങാനാളില്ല. തങ്ങളുടെ ദുരിതം ഇനി എത്ര നാൾ തുടരുമെന്ന കാര്യത്തിൽ കടുത്ത ആശങ്കയിലാണ് ഇവർ.
കോവിഡിന്റെ തീവ്രത കുറഞ്ഞാലും പഴയ സുവർണ കാലത്തേക്കുള്ള തിരിച്ചു പോക്കിന് ഇനിയും വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.