ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ജീവനൊടുക്കി.
ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലില്‍ രാവിലെ ആറിനാണ് സംഭവം.
കൈതപ്പതാല്‍ സ്വദേശിനി ലിജി (38), മകന് ലിന് ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലിജിയുടെ ഇളയകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.
ബുധനാഴ്ചയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തിയത്.
കുഞ്ഞിന്റെ മരണത്തെതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ലിജി. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി.
എന്നാല്‍ രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍.
പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍ ലിജിയേയും മകനെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരേയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.