സ്വന്തം ലേഖകന്‍
കോഴിക്കോട്: ലവ് ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍എംഎല്‍എയും പാര്‍ട്ടി നേതാവുമായ ജോര്‍ജ് എം. തോമസില്‍ ചവിട്ടി നിലപാട് ഊട്ടി ഉറപ്പിക്കാന്‍ സിപിഎം. കോടഞ്ചേരിയിലെ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് ഇന്ന് സിപിഎം അടിയന്തര ജില്ലാ കമ്മറ്റി,
സെക്രട്ടേറിയറ്റ് യോഗം ചേരുമ്പോള്‍ പരസ്യ ശാസന, തരംതാഴ്ത്തല്‍ എന്നിവയില്‍ ഏതെങ്കിലും ഒരു നടപടി മുന്എംഎല്എയ്ക്കെതിരേ ഉറപ്പാണെന്നാണ് വിലയിരുത്തല്‍.
നാക്കുപിഴ
നിലപാടില്‍നിന്നും മുന്‍എംഎല്‍എ പിന്നോക്കം പോയതും വിദീകരണയോഗത്തില് നാക്കുപിഴയെന്ന് സമ്മതിച്ചതും പാര്‍ട്ടി പരിഗണിക്കും.
വിഷയത്തില്‍ ഗൗരവമുള്ള നടപടി കൂടിയേ തീരൂവെന്നനിലപാടാണ് സിപിഎമ്മിനുള്ളത്.
ഒരു കാരണവശാലും ലൗജിഹാദ് കേരളത്തില്‍ ഉണ്ടെന്ന രീതിയിലുള്ള പ്രചാരണം അനുവദിക്കാനാവില്ലെന്നും അതുവഴി ബിജെപി, ആര്‍എസ്എസ് നേതൃത്വം നടത്തുന്ന പ്രചരണങ്ങള്‍ക്ക് കുടപിടിക്കാനാകില്ലെന്നുമുള്ള നിലപാടാണ് പാര്‍ട്ടിക്കുള്ളത്.
ലൗജിഹാദ് തള്ളുന്നു
വിഷയം ജില്ലയിലെ സിപിഎം നേതൃത്വത്തിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായത്തിന് വഴിതുറന്നിട്ടുണ്ടെങ്കിലും ലൗജിഹാദ് എന്ന വിഷയത്തെ പൂര്‍ണമായും അവഗണിച്ച് ശക്തമായ സന്ദേശം നല്‍കാനാണ് പാര്‍ട്ടി തീരുമാനം.
പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടില്‍ മലയോര പ്രദേശത്തെ വോട്ടുബാങ്കില്‍ ആശങ്കയുണ്ടെങ്കിലും അത് പ്രാദേശിക നേതൃത്വം കൈാര്യം ചെയ്യുമെന്നാണ് നിലപാട്.
ജോര്‍ജ് എം. തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ രംഗത്തെത്തിയിരുന്നു.
ജോര്‍ജ് എം. തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നാണ് കോടിയേരി പറഞ്ഞത്.
ഇല്ലാത്ത പാര്‍ട്ടി രേഖ ഉദ്ധരിച്ചതിന്…
ലൗജിഹാദ് വിഷയത്തില്‍ ഇല്ലാത്ത പാര്‍ട്ടി രേഖ ഉദ്ധരിക്കുകയും നയവ്യതിയാനം നടത്തുകയും ചെയ്തു എന്നാണ് മുന്‍ എംഎല്‍എയ്ക്കെതിരേയുള്ള പ്രധാന ആക്ഷേപം.
പാര്‍ട്ടി പരസ്യമായി ത്തന്നെ തള്ളിപ്പറഞ്ഞ ‘ലൗ ജിഹാദ്’ യാഥാര്‍ഥ്യമാണെന്നും വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് പാര്‍ട്ടി രേഖകളിലുണ്ട് എന്നാണ് അഭിമുഖത്തില്‍ ജോര്‍ജ് എം. തോമസ് പറഞ്ഞത്.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഷിജിനും ജോയ്സ്നയുമായുള്ള പ്രണയവും വിവാഹവും പാര്‍ട്ടിയെ അറിയിക്കുകയോ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇത് സമുദായ മൈത്രി തകര്‍ക്കുന്ന പ്രവൃത്തിയാണെന്നും ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോര്‍ജ് എം. തോമസ് പറഞ്ഞത്.
ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും പറഞ്ഞിരുന്നു.
ഭരണഘടന പറയുന്നത്
അവസാനം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ജോര്‍ജ് എം. തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ചതിന്റെ പേരില്‍ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് പറഞ്ഞു.
ഡിവൈഎഫ്ഐ, സിപിഎം നേതൃത്വത്തിലുള്ള പലരും ജോയ്സ്നയ്ക്കും ഷിജിനും തുറന്ന പിന്തുണയുമായി രംഗത്ത് വന്നു.
സിപിഎം ദേശീയനേതൃത്വം പോലും ജോര്‍ജ് എം തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. ‘ലൗ ജിഹാദ്’ എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും മുതിര്‍ന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതില്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നുമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.