കോട്ടയം: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഒരാളെ കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കിടങ്ങൂർ കൂടല്ലൂർ സ്വദേശി വെള്ളാപ്പള്ളിൽ ലിജോ (36) ആണ് മരിച്ചത്.
പടിഞ്ഞാറെ കൂടല്ലൂർ സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വർഷങ്ങൾക്കു മുന്പുള്ള വ്യക്തി വൈര്യാഗം തീർക്കാനായിരുന്നു കൊലപാതകമെന്നു പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി 11.30നു കിടങ്ങൂർ പടിഞ്ഞാറെ കൂടല്ലൂരാണ് സംഭവം.
വർഷങ്ങൾക്കു മുന്പു ലിജോയും പടിഞ്ഞാറെ കൂടല്ലൂർ സ്വദേശികളായ നാലു പേരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായിരുന്നു. സംഭവത്തിൽ അന്ന് കിടങ്ങൂർ പോലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ ബൈക്കിൽ ഒരു സുഹൃത്തിനെ വീട്ടിലാക്കാനായി പടിഞ്ഞാറേ കൂടല്ലൂർക്ക് പോയ ലിജോ അവിടെ വച്ചു വർഷങ്ങൾക്കു അടിപിടിയുണ്ടായ സംഘത്തിൽപ്പെട്ടവരുടെ സുഹൃത്തിനെ കണ്ടുമൂട്ടി.
ഇതോടെ ഇവർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. തുടർന്ന് ലിജോ ഇയാളെ മർദിച്ചു. വീടിനുള്ളിലേക്കു കയറിപ്പോയ ഇയാൾ വടിയുമായി തിരികെ എത്തി ലിജോയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ലിജോ ഉടൻ തന്നെ വീട്ടിലേക്കു പോരുകയും ചെയ്തു.
വീട്ടിലെത്തിയശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ലിജോയെ കിടങ്ങൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു കിടങ്ങൂർ പോലീസ് പറഞ്ഞു.
തുടർന്നു കിടങ്ങൂർ എസ്എച്ച്ഒ സിബി തോമസ്, എസ്ഐ ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പടിഞ്ഞാറെ കൂടല്ലൂർ സ്വദേശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ലിജോയുടെ ഭാര്യ: സോഫി