യുവതാരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി താൻ തീരുമാനിച്ച ചിത്രം “ആന്റി ക്രൈസ്റ്റ്’ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തത് മുന്പ് പൃഥ്വിരാജും പങ്കാളിയായിരുന്ന ആഗസ്റ്റ് സിനിമാസ് ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ ബജറ്റ് കൂടുതലായിരുന്നതിനാൽ നിർമാണം ഏറ്റെടുക്കുന്നതിന് അവർ വിമുഖത കാട്ടിയിരുന്നു. പക്ഷെ അതേ താരങ്ങളെ വച്ചുകൊണ്ട് തന്നെ ഡബിൾ ബാരൽ എന്ന ചിത്രം ലിജോ സംവിധാനം ചെയ്തിരുന്നു. എന്നാൽ ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്നും പിന്മാറുകയും പകരം ആസിഫ് അലി എത്തുകയും ചെയ്തു. ആര്യ, സണ്ണി വെയ്ൻ, ചെന്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
പി.എഫ് മാത്യൂസാണ് ആന്റി ക്രൈസ്റ്റിന്റെ തിരക്കഥ തയാറാക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് നിരവധി ആലോചനകൾ ഇനിയും ആവശ്യമാണെന്നും ലിജോ ജോസ് പെല്ലിശേരി പറയുന്നു.