മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സോണിയയെ പ്രേക്ഷകർക്ക് മറക്കാൻ കഴിയമോ. ’സോണിയ മുത്തല്ലേ ബേബിച്ചേട്ടാ’ എന്ന ക്രിസ്പിന്റെ (സൗബിൻ ഷഹീർ) ഡയലോഗ് തന്നെ ആ കഥാപാത്രത്തെ ഓർക്കാൻ ധാരാളം. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ താൻ മമ്മൂട്ടി ഫാൻ ആണെന്ന് ക്രിസ്പിന്റെ ചോദ്യത്തിന് ഉത്തരമായി സോണിയ പറയുന്നുണ്ട്. എന്നാൽ സോണിയയായി അഭിനയിച്ച ലിജുമോൾ ജോസിന് ശരിക്കും ഇഷ്ടം മോഹൻലാലിനെ ആണത്രെ.
യഥാർഥത്തിൽ താൻ ഒരു മോഹൻലാൽ ഫാൻ ആണെന്ന് പറഞ്ഞ നടി ഭാവിയിൽ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയും എന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഇഷ്ടപ്പെട്ട താരങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ, ബോളിവുഡിൽ ആമീർ ഖാനെ ഏറെ ഇഷ്ടമാണെന്ന് ലിജോമോൾ പറഞ്ഞു. മലയാളത്തിൽ ഇപ്പോൾ ഉള്ളവരിൽ ഏറ്റവും ഇഷ്ടമുള്ള നടി പാർവ്വതി ആണത്രെ.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സോണിയ എന്ന കഥാപാത്രമായിട്ടാണ് ലിജോമോൾ ജോസ് സിനിമാ ലോകത്ത് എത്തിയത്. പിന്നീട് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ കനി എന്ന നായിക കഥാപാത്രത്തെയും അവതരിപ്പിച്ചു.കുറേ നല്ല അവസരങ്ങളുമായി തിരക്കിലാണ് ഇപ്പോൾ ലിജോമോൾ.