ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് ഈവര്‍ഷം. തുടക്കം, ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്മാനില്; സജിന്‍ ഗോപുവിന്റെ പെയര്‍. സ്റ്റെഫിയെന്ന നായികാവേഷം. തമിഴില്‍, വിനീതിനും രോഹിണിക്കുമൊപ്പം ഫെബ്രുവരി റിലീസ്, ‘കാതല്‍ എന്പതു പൊതുഉടമൈ’. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ബോക്സിംഗ് സിനിമ ദാവീദില്‍ ആന്റണി വര്‍ഗീസിന്റെ പെയര്‍. ഷെറിന് എന്ന കരുത്തുറ്റ നായിക. മാര്‍ച്ച് ഏഴിനു റിലീസായ തമിഴ് ചിത്രം ജെന്റില്‍ വുമണില്‍ ലീഡ് കഥാപാത്രം. ലിജോമോള്‍ രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
തുടരെ റിലീസുകള്‍. എല്ലാത്തരം റോളുകള്‍ക്കും പാകപ്പെട്ടുവെന്ന ആത്മവിശ്വാസത്തിലെത്തിയോ..? ഇതൊന്നും ഒന്നിനുപിറകെ ഒന്നായി ഷൂട്ട് തീര്‍ത്തു റിലീസായതല്ല. പൊന്മാന് ഒരു വര്‍ഷം മുമ്പും കാതല്‍ എന്പതു പൊതുഉടമൈ രണ്ടു വര്‍ഷം മുമ്പും ഷൂട്ട് ചെയ്തതാണ്. ജെന്റില്‍ വുമണും ഏകദേശം രണ്ടു വര്‍ഷമായി.
ദാവീദ് മാത്രമേയുള്ളൂ അടുത്തിടെ ഷൂട്ട് കഴിഞ്ഞ് പെട്ടെന്നു റിലീസായത്. ഇതെല്ലാം വലിയ ഗ്യാപ്പില്ലാതെ 2025ന്റെ തുടക്കത്തില്‍ റിലീസായതില്‍ സന്തോഷം. കാരണം, ഇങ്ങനെയൊരാള്‍ ഇവിടെയുണ്ടായിരുന്നല്ലോ എന്ന് ഒന്നുകൂടി ആളുകള്‍ ഓര്‍ക്കാന്‍ അതു സഹായമായി! ഇനിയും ഏറെ ജോണറുകളും കഥാപാത്രങ്ങളും എക്സ്പ്ലോര്‍ ചെയ്യാനുണ്ട്. അതൊക്കെ ചെയ്തു വരുമ്പൊഴേ എല്ലാത്തരം വേഷങ്ങള്‍ക്കും പാകപ്പെട്ടോ എന്നു പറയാനാകൂ.
പൊന്മാനിലേക്കും സ്റ്റെഫിയിലേക്കും എത്തിച്ചത്…?
അത്രമേല്‍ രസമുള്ളതാണ് അതിന്റെ കഥ. അതേപോലെ കഥാപാത്രങ്ങളും. ചെറിയ ഗ്രേ ഷേഡുള്ള കഥാപാത്രമാണ് സ്റ്റെഫി. അത്തരത്തിലൊന്ന് മുമ്പു ഞാന്‍ ചെയ്തിട്ടില്ല. ‘നാലഞ്ചു ചെറുപ്പക്കാര്‍’ വായിച്ചപ്പോള്‍ നറേഷന് കേട്ടതിനേക്കാള്‍ ആ കഥയോട് ഇഷ്ടംകൂടി. അതു സിനിമയാകുമ്പോള്‍ അതിന്റെ ഭാഗമാകണമെന്നുതോന്നി. കൊല്ലത്തു നടക്കുന്ന കഥയായതുകൊണ്ട് അവിടത്തെ സ്ത്രീകളെ ഒന്നു നോക്കി പഠിക്കുക മാത്രമായിരുന്നു തയാറെടുപ്പ്. ഷൂട്ടിംഗിന് രണ്ടാഴ്ച മുന്നേ അവിടെ താമസിച്ചു പല തട്ടിലുള്ള, പല തരത്തിലുള്ള സ്ത്രീകളുമായി ഇടപഴകി. പ്രത്യേക ചലഞ്ചൊന്നും ഇതിലില്ല. ആ കഥാപാത്രത്തോട് എത്രത്തോളം നീതിപുലര്‍ത്താനാകുമോ അത്രത്തോളം അതിനു ശ്രമിച്ചിട്ടുണ്ട്.
എത്രത്തോളമായിരുന്നു സജിന്‍ ഗോപു, ബേസില്‍ സപ്പോര്‍ട്ട്..?
എന്റെ കൂടുതല്‍ സീനുകളും മരിയാനോ എന്ന വേഷം ചെയ്ത സജിന്‍ ഗോപുവുമായാണ്. കായലു പണിക്കാരനാണ് മരിയാനോ. വള്ളം തുഴയല്‍ പഠിക്കാന്‍ ഷൂട്ടിംഗിനു രണ്ടാഴ്ച മുന്നേ സജിന്‍ സെറ്റിലെത്തി. അങ്ങനെ ഷൂട്ടു തുടങ്ങിയ സമയമായപ്പോഴേക്കും ഞങ്ങള്‍ നല്ല കൂട്ടായി. റിയല്‍ ലൈഫില്‍ ഞങ്ങള്‍ എങ്ങനെയാണോ അങ്ങനെയല്ല ഞങ്ങളുടെ കഥാപാത്രങ്ങള്‍. എന്നിരുന്നാലും സീനെടുക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ഗിവ് ആന്‍ഡ് ടേക്കിന് അതു സഹായമായി.
ഏറെ ഫണ്‍, എനര്‍ജറ്റിക് എന്നാണു ബേസിലിനെപ്പറ്റി കേട്ടിരുന്നത്. സെറ്റിലും തമാശകളുണ്ടാവും എന്നൊക്കെ വിചാരിച്ചു. പക്ഷേ, ഞങ്ങളുടെ കഥാപാത്രങ്ങള്‍ കുറച്ചു സീരിയസാണ്. തീവ്രതയുള്ള സീനുകളിലാണ് ഞങ്ങളുടെ കോംബിനേഷന്‍. അതിനാലാവണം ചിരിച്ചു തമാശ പറയാതെ, ബേസില്‍ സെറ്റില്‍ അജേഷായിത്തന്നെ നിന്നത്. കഥാപാത്രങ്ങളോടു നീതിപുലര്‍ത്താന്‍ അതു ഞങ്ങള്‍ക്കും സഹായമായി. ജയ് ഭീമിനു ശേഷം എനിക്ക് ഇത്രയും അംഗീകാരം കിട്ടിയ മറ്റൊരു പടമില്ല, പ്രത്യേകിച്ചും മലയാളത്തില്‍. നമ്മുടെ ഇന്ഡസ്ട്രിയില്നിന്നുള്പ്പെടെ വിളിച്ച് അഭിനന്ദിച്ചവരുണ്ട്. അതെല്ലാം വലിയ സന്തോഷം.
സ്റ്റെഫിയില്നിന്ന് എത്രത്തോളം വേറിട്ട വേഷമാണ് ഷെറിന്..?
രണ്ടും രണ്ട് എനര്‍ജിയുള്ള കഥാപാത്രങ്ങളാണ്. രണ്ട് സ്ഥലങ്ങളില്‍ ജീവിക്കുന്നവരാണ്. അതിന്റേതായ വ്യത്യാസം പെര്‍ഫോമന്‍സില്‍ വരുമല്ലോ. ദാവീദിലെ ഷെറിന് വിവാഹിതയാണ്, ഒരു കുട്ടിയുടെ അമ്മയാണ്, ഉത്തരവാദിത്വബോധമുള്ള ഭാര്യയാണ്, ഗൃഹനാഥയാണ്, കുറച്ചുകൂടി ബോള്‍ഡാണ്. സ്റ്റെഫി സാഹചര്യങ്ങള്‍ കൊണ്ട് ഒരു സ്ഥലത്തു നിന്നുപോയി എന്നേയുള്ളൂ. പക്ഷേ, ഒരു പോയന്റില്‍ അവളുടേതായ തീരുമാനമെടുക്കുന്നുണ്ട്. ഷെറിന് അങ്ങനെയല്ല. തുടക്കം മുതലേ ആ കുടുംബത്തെ താങ്ങിനിര്ത്തുന്നയാളാണ്.
ചലഞ്ചിംഗ് ആയിരുന്നോ ഷെറിന്..?
പെര്‍ഫോം ചെയ്യാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. കാരണം, ഞാനെപ്പോഴും ഡയറക്ടര്‍ പറഞ്ഞുതരുന്നതു മനസിലാക്കി പെര്‍ഫോം ചെയ്യാനാണു ശ്രമിക്കുന്നത്. ഡയറക്ടര്‍ ഹാപ്പിയാണെങ്കില്‍ ഞാനും ഹാപ്പി. ചില നേരങ്ങളില്‍ നമുക്കു നമ്മുടെ പെര്‍ഫോമന്‍സ് ജഡ്ജ് ചെയ്യാനാവില്ല. ഡയറക്ടര്‍ക്കാണ് ഓരോ കഥാപാത്രവും എങ്ങനെയായിരിക്കണം എന്നതില്‍ വ്യക്തതയുണ്ടാവുക. ഡയറക്ടര്‍ക്ക് ഓകെയാണോ എന്നാണ് ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുള്ളത്.
ഷെറിനാകാന് തയാറെടുപ്പുകള്‍..?
പ്രത്യേക തയാറെടുപ്പുകളൊന്നും വേണ്ടിവന്നില്ല. സംഭാഷണങ്ങളിൽ പോലും കൃത്യമായ കൊച്ചി സ്ളാംഗ് പിടിച്ചിട്ടില്ല. ഞാന്‍ വായിച്ചതില്‍നിന്നും ബാക്കി ഡയറക്ടര്‍ ഗോവിന്ദ് വിഷ്ണു പറഞ്ഞതില്‍നിന്നും കഥാപാത്രം എന്തെന്നു മനസിലാക്കി ഞങ്ങള്‍ രണ്ടുപേര്‍ക്കും ബോധ്യമായ വിധം പെര്‍ഫോം ചെയ്യുകയായിരുന്നു.
സിനിമകള്‍ സെലക്ട് ചെയ്യുമ്പോൾ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്..?
സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഇപ്പൊഴെന്നല്ല എപ്പോഴും കഥയും കഥാപാത്രവുമാണ് ശ്രദ്ധിക്കുക. ഇപ്പോള്‍, തെരഞ്ഞെടുക്കാന്‍ കുറച്ചുകൂടി മികച്ച സ്ക്രിപ്റ്റുകള്‍ വരുന്നുണ്ട്.
പെര്‍ഫോമന്‍സ് പ്രാധാന്യമുള്ള വേഷങ്ങളാണോ ഇഷ്ടം..?
പെര്‍ഫോമന്‍സിനു പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ വേണം. അത് എപ്പോഴും തീവ്രമായതോ ഏറെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നതോ ആയിരിക്കണം എന്നില്ലല്ലോ. പക്ഷേ, ജയ്ഭീമിനു ശേഷം വരുന്നതെല്ലാം തീവ്രതയാര്‍ന്ന കഥാപാത്രങ്ങളാണ്. എനിക്കു പല ജോണറുകളിലുള്ള കഥാപാത്രങ്ങള്‍ ചെയ്തു നോക്കണമെന്നുമുണ്ട്. കാതല്‍ എന്പതു പൊതു ഉടമൈയിലും ജെന്റില്‍ വുമണിലും അത്തരത്തില്‍ വേറിട്ട കഥാപാത്രങ്ങളാണ്. ഒപ്പം, പെര്‍ഫോമന്‍സ് പ്രാധാന്യമുള്ളതും.
തമിഴിലെ വെല്ലുവിളിയും കംഫര്‍ട്ടും..?
തുടക്കത്തില്‍ തമിഴ് ഭാഷ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ വളരെ മെച്ചപ്പെട്ടു. നമ്മുടേതിലും അല്പം കുറവാണ് അവിടെ വര്‍ക്കിംഗ് അവേഴ്സ്. അതു കംഫര്‍ട്ടബിളായി തോന്നി.
നടിയെന്ന രീതിയില്‍ ഏതുതരം മാറ്റമാണ് ആഗ്രഹിക്കുന്നത്..?
മാറ്റമൊന്നും ആഗ്രഹിച്ചിട്ടില്ല. പക്ഷേ, വ്യത്യസ്തയുള്ള കഥാപാത്രങ്ങള്‍ ചെയ്തു സിനിമകളില്‍ നില്‍ക്കണം. ഞാനിതുവരെ പെര്‍ഫോം ചെയ്തിട്ടില്ലാത്ത പല ഷേഡ്സിലുള്ള കഥാപാത്രങ്ങള്‍ ചെയ്തുനോക്കണം.
അടുത്ത റിലീസുകൾ?
രാജേഷ് രവി സംവിധാനം ചെയ്ത സംശയം റിലീസിനൊരുങ്ങുന്നു. വിനയ്ഫോര്‍ട്ട്, ഷറഫുദീന്‍, പ്രിയംവദ എന്നിവര്‍ക്കൊപ്പം. രസമുള്ള കഥയും കഥാപാത്രങ്ങളും. ഹര്‍ഷദിക്ക എഴുതി അന്‍സറുള്ള സംവിധാനം ചെയ്ത സോണി ലിവ് സീരീസ് ബ്ലൈന്‍ഡ് ഫോള്‍ഡ് ഏപ്രില്‍ റിലീസ് പ്രതീക്ഷിക്കുന്നു. അര്ജുന് രാധാകൃഷ്ണന്, ലുക്മാന്, സ്വാതി തുടങ്ങി നിരവധി ആക്ടേഴ്സിനൊപ്പം. തമിഴില്‍ രണ്ടു സിനിമകള്‍കൂടി ഷൂട്ടിംഗ് തീരുന്നു. മലയാളത്തില്‍ ഷൂട്ടിംഗ് തുടങ്ങുന്നത് ബോബി സഞ്ജയ് സ്ക്രിപ്റ്റില്‍ ഗരുഡന് ഡയറക്ടര്‍ അരുണ്‍ വര്‍മ സംവിധാനംചെയ്യുന്ന ബേബി ഗേള്‍. നിര്‍മാണം ലിസ്റ്റിന് സ്റ്റീഫന്‍.