തമിഴിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രം.യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സൂര്യ, മലയാളിയായ ലിജോ മോള് ജോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയിലൂടെ അസാധ്യ പ്രകടനം കാഴ്ച വെച്ച് ലിജോ മോള് മലയാളികളുടെയും തമിഴ് സിനിമാപ്രേമികളുടെയും പ്രീതി നേടിക്കഴിഞ്ഞു.ഈ സിനിമയുടെ ചിത്രീകരണം അത്ര സുഖകരമായിരുന്നില്ല എന്നും നിരവധി വേദനകളും കഠിനാധ്വാനവും അതിന് വേണ്ടി വന്നുവെന്നാണ് ലിജോ മോൾ പറയുന്നത്.
ഇരുളര്‍ വിഭാഗത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അവരെ പോലെയാവാന്‍ എടുത്ത മുന്‍കരുതലുകളെക്കുറിച്ച് ഒരഭിമുഖത്തിലാണ് ലിജോമോൾ വ്യക്തമാക്കിയത്. ആഴ്ചകളോളം അവരുടെ കൂടെ താമസിച്ച് ഓരോ മൂവ്മെന്റ്സും മറ്റ് രീതികളുമൊക്കെ പഠിച്ചെടുത്തു. സാരി ഉടുക്കുന്നതും ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നതുമൊക്കെയാണ് പ്രത്യേകതകള്‍.
നടന് സൂര്യ ഒരു മനുഷ്യസ്നേഹിയാണ്. സൂര്യ സാറിന്റെ പടമാണ് എന്നറിഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായിരുന്നു. ഒപ്പം സന്തോഷവും തോന്നി. ഞങ്ങളുടെ കോന്പിനേഷന് വന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. സംവിധായകന് എന്നെയും രജിഷയെയും വിളിച്ച് കാരവനില്‍ കൊണ്ട് പോയി പരിചയപ്പെടുത്തി തന്നു.
ഇതുവരെയുള്ള ഷൂട്ടിംഗ് എങ്ങനെയുണ്ട്, നിങ്ങള്‍ക്ക് സുഖമാണോ എന്നൊക്കെ അദ്ദേഹം ചോദിച്ചെങ്കിലും ഒരക്ഷരം പറയാന്‍ സാധിച്ചില്ല. ഞങ്ങള്‍ അദ്ദേഹത്തെ കണ്ട് വാ പൊളിച്ചിരുന്നു. ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയായി പോയി.
അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ പ്രാക്ടീസ് ഒക്കെ ചെയ്യും. കാരണം ഞങ്ങള്‍ ഒരുമിച്ചുള്ള സീനില്‍ ഞാന്‍ തെറ്റിച്ചിട്ട് ടേക്ക് കൂടുതല്‍ എടുക്കാന്‍ പാടില്ലല്ലോ. അതിന് വേണ്ടി ഞാനിവിടെ നിന്ന് കാണിച്ച് കൂട്ടുന്നതൊക്കെ അദ്ദേഹം കാണുന്നുണ്ടായിരുന്നു.
ആ കുട്ടി ഗ്ലിസറിന്‍ ഇല്ലാതെയാണ് കരയുന്നതല്ലേ, എന്തൊരു ഡെഡിക്കേഷന് ആണ്. എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.
സിനിമയില്‍ എന്റെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് ശേഷമുള്ള സീനില്‍ ഗ്ലീസറിന് പോലും ഉപയോഗിക്കാതെയാണ് കരഞ്ഞിരുന്നത്.
ഇതെല്ലാം സൂര്യ സാര്‍ ശ്രദ്ധിച്ചിരുന്നതിനെ കുറിച്ച് ജ്ഞാനവേല്‍ സാറാണ് എന്നോട് പറഞ്ഞത്. സിനിമ കണ്ട പ്രേക്ഷകരെല്ലാം വേദനിച്ചത് ഗര്‍ഭിണിയായ സ്ത്രീക്ക് അടക്കം പോലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടുന്ന അടി കണ്ടാണ്.ശരിക്കും ഞങ്ങള്‍ക്ക് അടി കിട്ടിയിരുന്നു. റബ്ബര്‍ കൊണ്ടുള്ള ലാത്തി ആയിരുന്നു.
എങ്കിലും അടി വീഴുമ്പോള്‍ ചെറിയ വേദന ഉണ്ടാവും. അടി കിട്ടിയതിന്റെ ചതവും ഞങ്ങളുടെ ദേഹത്ത് ഉണ്ടായിരുന്നു. എസ്ഐ യുടെ ഒരു അടി എനിക്ക് നന്നായി കൊണ്ടിരുന്നു. കൈയില്‍ നീര് വച്ചു. ഷൂട്ടിംഗ്കഴിഞ്ഞ് ആശുപത്രിയില്‍ പോവേണ്ടി വന്നിരുന്നു. അദ്ദേഹത്തിനും വല്ലാത്ത വിഷമം വന്നു. ഒരുപാട് സോറിയും പറഞ്ഞിരുന്നു-ലിജോ മോൾ വ്യക്തമാക്കി.