നിരവധി നല്ല സിനിമകൾ ചെയ്തു ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയിൽ പ്രശസ്തി നേടിയിട്ടുള്ള മലയാള നടിയാണ് ലിജോ മോൾ ജോസ്. 2016ൽ പുറത്തിറങ്ങിയ മലയാള സിനിമ മഹേഷിന്റെ പ്രതികാരത്തിലൂടെയായിരുന്നു ലിജോ മോൾ അഭിനയത്തിലേക്ക് ചുവടുവെച്ചത്.
സഹനടിയായിട്ടായിരുന്നു തുടക്കമെങ്കിലും സോണിയ എന്ന കഥാപാത്രത്തെ മഹേഷിന്റെ പ്രതികാരം കണ്ടവരെല്ലാം ഇന്നും ഓർക്കുന്നുണ്ട്. പിന്നീട് കട്ടപ്പനയിലെ ഋത്വിക്ക് റോഷനിൽ ലിജോ മോൾ നയികയായി.
ലിജോ മോളുടെ കരിയർ ബെസ്റ്റ് എന്ന് പ്രേക്ഷകർ പറയുന്നത് സൂര്യക്കൊപ്പം അഭിനയിച്ച ജയ്ഭീമിലെ പ്രകടനമായിരുന്നു. സെങ്കിണി എന്ന ആദിവാസി സ്ത്രീയായി ലിജോ മോൾ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
ജയ് ഭീം റിലീസ് ചെയ്തപ്പോൾ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചതും ലിജോ മോളുടെ കഥാപാത്രത്തെയായിരുന്നു. ഇപ്പോൾ വിവാഹശേഷമുള്ള സിനിമാ ജീവിതത്തെ കുറിച്ച് അടക്കം ലിജോ മോൾ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്.
വിവാഹം കഴിഞ്ഞാൽ സിനിമയിൽ മൂല്യം കുറയുമെന്ന് തോന്നിയിട്ടില്ല. വിവാഹം കഴിഞ്ഞെന്നുകരുതി സിനിമയിൽ തുടരാൻ എനിക്ക് ബുദ്ധിമുട്ടും തോന്നിയിട്ടില്ല. അതെല്ലാം ഓരോ ആളുകളുടെയും വ്യക്തിപരമായ കാര്യങ്ങളായാണ് കരുതുന്നത്.
വിവാഹം കഴിഞ്ഞാൽ സിനിമാരംഗത്തെ മൂല്യം കുറയുമെന്ന തോന്നൽ മുമ്പ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. എന്റെ കാര്യത്തിൽ ഭർത്താവ് അരുൺ നല്ല പിന്തുണയാണ്.
സ്വന്തമായി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അരുൺ. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടും മോശം അനുഭവം ഇതുവരെ എനിക്കുണ്ടായിട്ടില്ല. എന്നാൽ സിനിമാരംഗത്തെ സ്ത്രീകൾക്ക് വേണ്ടിയുള്ള കൂട്ടായ്മകൾ വളരെ നല്ലതാണ്- ലിജോ മോൾ പറയുന്നു.
ഒരിക്കലും സിനിമയിലേക്ക് വരുമെന്ന് ഞാൻ കരുതിയിട്ടില്ല.അതെല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ കാസ്റ്റിംഗ് കോൾ എന്റെ ഒരു സുഹൃത്താണ് സോഷ്യൽ മീഡിയയിൽ കണ്ടത്. അങ്ങനെ ഫോട്ടോ അയച്ചു.
ഞാൻ ആ സമയത്ത് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പിജി ചെയ്യുന്നുണ്ടായിരുന്നു. ആദ്യ സിനിമയിൽ വന്നപ്പോൾ സംവിധായകൻ ദിലീഷേട്ടൻ അഭിനയത്തെക്കുറിച്ച് പറഞ്ഞുതന്ന കാര്യങ്ങളുണ്ട്. അതുതന്നെയാണ് ഇപ്പോഴും തുടരുന്നത്.
അഭിനയത്തെക്കുറിച്ച് ഇപ്പോഴും എനിക്ക് അത് മാത്രമെ അറിയൂ. ആ സിനിമക്കുമുമ്പ് അഭിനയവുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിൽപോലും ഞാൻ പങ്കെടുത്തിട്ടില്ല. മഹേഷിന്റെ പ്രതികാരം കണ്ടാണ് ആദ്യ തമിഴ് സിനിമ സിവപ്പ് മഞ്ഞൾ പച്ചൈയിലേക്ക് വിളിക്കുന്നത്.
പിന്നെയും രണ്ട് വർഷം കഴിഞ്ഞാണ് ജയ് ഭീം ചെയ്യുന്നത്. ജയ് ഭീമിന് ശേഷം ഇടവേള വന്നെന്ന് പറയാനാവില്ല. ആ സിനിമയ്ക്ക് മുമ്പ് വന്നത് അത്ര നല്ല തിരക്കഥകളായിരുന്നില്ല.
ജയ് ഭീമിന് ശേഷം തമിഴിലും മലയാളത്തിലും ഇപ്പോൾ നല്ല കഥകൾ തേടി വരുന്നുണ്ട്. പക്ഷെ ഓടിനടന്ന് സിനിമ ചെയ്യണമെന്നില്ല. കുറച്ച് പതിയെ പോയാലും നല്ല സിനിമകളുടെ ഭാഗമാകാം എന്ന് കരുതിയെന്നും ലിജോ മോൾ പറയുന്നു.