തൃപ്പൂണിത്തുറ: തിരുവാണിയൂരിലെ വട്ടപ്പിള്ളിൽ റോയിയുടെ ഭാര്യ ലൈജു (40) വിനു നാട്ടിലിപ്പോൾ വീരാംഗനയുടെ പരിവേഷമാണ്. വാഹനാപകടത്തിൽ പരിക്കേറ്റു രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഈ വീട്ടമ്മ കാട്ടിയ മനോ:ധൈര്യത്തെ നാടൊന്നടങ്കം അഭിനന്ദനംകൊണ്ടു മൂടുന്നു.
അപകടം കണ്ട് ഓടിക്കൂടിയ പുരുഷകേസരികൾ ചോര കണ്ട് മനുഷ്യത്വം മറന്നുനിന്നപ്പോൾ ലൈജു ഒരുനിമിഷം പോലും പാഴാക്കാതെ അവരെ സ്വന്തം കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഉച്ചയ്ക്കു കുമ്പപ്പിള്ളിക്കടുത്തായിരുന്നു സംഭവം. തിരുവാണിയൂർ ഞാറത്തടത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളിയാണ് അപകടത്തിൽപ്പെട്ടത്. അന്പിളി സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പറിടിച്ചായിരുന്നു അപകടം.
തിരുവാങ്കുളം പഞ്ചായത്തുപടിയിൽ ജുവിനാസ് എന്ന തയ്യൽ സ്ഥാപനത്തിലേക്കു കാറിൽ പുറപ്പെട്ട ലൈജു അപകടം കണ്ടു കാർ നിർത്തിയിറങ്ങി. രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടന്ന യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയാറാകാതെ ഓടിക്കൂടിയവർ അപ്പോൾ വെറുതെനോക്കി നിൽക്കുകയായിരുന്നു.
അതുവഴി കടന്നുപോയ വാഹനയാത്രികരും അപകടം ഗൗനിച്ചില്ല. പരിക്കേറ്റയാളെ തന്റെ കാറിൽ കയറ്റാൻ ലൈജു തയാറായപ്പോൾ അവരെ സഹായിക്കാൻ പോലും ആൾക്കൂട്ടം മടിച്ചുനിന്നു.
ഒടുവിൽ ആളുകളെ നിർബന്ധിച്ചു യുവതിയെ ഒരുവിധം തന്റെ കാറിൽ കയറ്റി ഒരു ചെറുപ്പക്കാരനെയും കൂട്ടി തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അതിനിടെ അന്പിളിയുടെ മൊബൈലിലെ നമ്പറിൽ വിളിച്ച് അവരുടെ ബന്ധുക്കളെയും വിവരമറിയിച്ചു. പരിക്ക് ഗുരുതരമായതിനാൽ അന്പിളിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി.
കാലിനും കൈയ്ക്കും ഒടിവുള്ള ഇവർ സുഖം പ്രാപിച്ചുവരുന്നു. അന്പിളിയുടെ ഭർത്താവ് ബിജു ഓട്ടോ ഡ്രൈവറാണ്. അപകടത്തിൽ പരിക്കേറ്റു വിശ്രമിക്കുന്ന ബിജുവിന്റെ ഇഷ്വറൻസ് കാര്യത്തിനു പോകുന്പോഴായിരുന്നു അന്പിളി അപകടത്തിൽപ്പെട്ടത്.