ഒരു സദാചാര ഗുണ്ടായിസത്തിന്റെ കഥ! പെരുമഴയുള്ള ഒരു രാത്രിമുഴുവന്‍ ആളുകള്‍ വളഞ്ഞ ഒരു വീടിനുള്ളില്‍… അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

moral600നമ്മുടെ നാട്ടില്‍ സദാചാര ഗുണ്ടായിസം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. തനിക്കു നേരിടേണ്ടി വന്ന സദാചാര ഗുണ്ടായിസത്തെക്കുറിച്ച് ഒരു അധ്യപക വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു ഗ്രാമം മുഴുക്കെ വളര്‍ന്ന് പന്തലിച്ച സദാചാര ബോധത്തിലേയ്ക്കാണ് ഇവര്‍ വീടന്വേഷിച്ചു ചെന്നത്. വാടകയ്ക്ക് വീടെടുക്കുകയും പെണ്‍സുഹൃത്തിനെ വീട്ടില്‍ കയറ്റിയതിന്റെയും പേരില്‍ ഒരു രാത്രി മുഴുവന്‍ നേരിടേണ്ടി വന്ന സദാചാര ആക്രമണത്തെക്കുറിച്ചാണ് പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ജേര്‍ണലിസം അധ്യാപികയായ ലിഖിത ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

പെരുമഴയുള്ള ഒരു രാത്രിമുഴുവന്‍ ആളുകള്‍ വളഞ്ഞ ഒരു വീടിനുള്ളില്‍ ഇരുന്ന് ഏറ്റവുംവലിയ സുരക്ഷിതത്വമില്ലായ്മ അനുഭവിച്ച ഞാന്‍.
രണ്ടാഴ്ചക്കാലത്തേയ്ക്ക് ആരോടും ഒന്നും മിണ്ടാനോ പങ്കുവയ്ക്കാനോപോലും കഴിയാത്തവിധം സദാചാരഗുണ്ടായിസത്തിന്റെ തീവ്രമായ ഒരുമുഖം എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. നിരന്തരം എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുന്ന സുഹൃത്തുക്കളോട് പോലും മൗനം പാലിക്കേണ്ടിവന്നത് അത്രമേല്‍ മുറിപ്പെട്ടത് കൊണ്ടാണ്.ഒരു ഗ്രാമം മുഴുക്കെ വളര്‍ന്ന് പന്തലിച്ച സദാചാര ബോധത്തിലേയ്ക്കാണ് ഞാന്‍ താമസിക്കാന്‍ ഒരു വീടന്വേഷിച്ചു ചെന്നത്. ഒറ്റയ്ക്ക് താമസിക്കാനാണെന്നും സുഹൃത്തുക്കളും ബന്ധുക്കളും വരുമെന്ന് പ്രത്യേകം പറഞ്ഞുമാണ് മലപ്പുറം ജില്ലയിലെ പെരുവല്ലൂര്‍ എന്ന സ്ഥലത്ത് ഒരു വീടിന്റെ മുകള്‍നില വാടകയ്ക്ക് എടുത്തത്.

വന്നദിവസം കൊണ്ട്തന്നെ കാര്യങ്ങള്‍ ഏകദേശം വ്യക്തമായിരുന്നു. തുറിച്ചു നോട്ടങ്ങള്‍ക്കും മുകളിലെ എന്റെ മുറിയിലേക്കുള്ള നിരത്തിലെ ഏറുകണ്ണുകള്‍ക്കും നേരെ ചിരിച്ചുകൊണ്ട് മാത്രം ഞാന്‍ ഏകദേശം ഒരാഴ്ചക്കാലം അവിടെ താമസിച്ചു. എന്റെ താമസസ്ഥലം അറിഞ്ഞത് മുതല്‍ ആ ഇടം നന്നായി അറിയാവുന്ന സുഹൃത്തുക്കള്‍ എന്നെ നിരുത്സാഹപ്പെടുത്തിയെങ്കിലും നിലനില്‍പ്പിനു വേണ്ടി താമസം തുടരണമെന്ന വാശിയില്‍ ഞാനതൊക്കെ തള്ളിക്കളഞ്ഞു.

വീട്ടുടമസ്ഥന്‍ ദിവസവും രാത്രി ഒരു 8 മണി സമയത്ത് എന്നെ വിളിച്ചു സുഖവിവരം അന്വേഷിച്ചിരുന്നത് എന്നോടുള്ള വാത്സല്യം കൊണ്ടല്ലെന്നും വീട്ടില്‍ ആരെങ്കിലും വന്ന് കിടപ്പുണ്ടോ എന്ന സംശയം കൊണ്ടാണെന്നും എനിക്കാദ്യമേ മനസിലായിരുന്നു.ചുറ്റും വീടുകള്‍ ഉണ്ടായിരുന്നിട്ടു കൂടി അയല്‍വാസികളില്‍ ആരുംതന്നെ എന്റെ മുഖത്ത് നോക്കുകയോ മിണ്ടുകയോ ചെയ്തിരുന്നില്ല. എന്നാല്‍ വഴിയിലൂടെ നടന്നുപോകുമ്പോ കിണറ്റിങ്കരയില്‍ നിന്നും ജനലഴികളിലൂടെയും നീണ്ടുവരുന്ന കണ്ണുകളും അടക്കിയ സംസാരങ്ങളും ഒരു പരിധിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഞാനും മെനക്കെട്ടില്ല.

ജൂണ്‍ 1 വൈകുന്നേരം യൂണിവേഴ്‌സിറ്റിയില്‍ ചില്ലറ ആവശ്യങ്ങള്‍ക്കും പിന്നീട് എന്റെ പങ്കാളിയെയും കാണാന്‍ പോയി വൈകിട്ട് 9 മണിയോടെ തിരിച്ചെത്തിയ ഞാന്‍ എന്റെ വീടിന്റെ മുന്‍പില്‍ മഴയത്ത് രണ്ടുപേര്‍ കുട ചൂടി നില്‍ക്കുന്നത് കണ്ടു.ഗേറ്റ് തുറക്കാന്‍ താക്കോലെടുക്കാന്‍ ഞാന്‍ ബാഗ് തുറക്കുമ്പോ വന്നു പ്രതീക്ഷിച്ച ചോദ്യം

അവര്‍ :ആരാ?
ഞാന്‍: ഇവിടെ താമസിക്കുന്ന ആളാ
അവര്‍:ന്താ പണി..?
ഞാന്‍:അധ്യാപിക
അവര്‍:അധ്യാപികയെന്താ ഈ രാത്രീല്
ഞാന്‍:പുറത്തു കുറച്ചു ജോലി ഉണ്ടായിരുന്നു
അവര്‍:ആ ചെല്ല്..കാണാ
ഞാന്‍:ആ കാണാ..

അന്ന് ഏതാണ്ട് 11 മണിവരെ അവരാ ഗേറ്റിനു വെളിയില്‍ നിന്നു
ജൂണ്‍ 2 : വൈകിട്ട് ആറ് മണിയോടെ വീട്ടുടമസ്ഥനെ വിളിച്ചു ഞാന്‍ ഒരു പെണ്‌സുഹൃത്ത് വരുന്നുണ്ടെന്നും താമസിപ്പിക്കാന്‍ പ്രശ്‌നമുണ്ടോ എന്നും ചോദിച്ചു.യാതൊരെതിര്‍പ്പും ഇല്ലെന്ന് അവര്‍ പറഞ്ഞപ്രകാരം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അവളെയും കൂട്ടി ഞാന്‍ റൂമില്‍ വന്നു.വന്നപാടെ ഓണറെ വിളിച്ചു പറഞ്ഞു.

സമയം ഒമ്പതര. ഓണര്‍ വിളിച്ചു. പുറത്ത് ആള് കൂടിയിരിക്കുന്നുവെന്നും വാതില്‍ തുറക്കരുതെന്നും പറഞ്ഞു.പുറത്തു കാറും 2 ബൈക്കും കിടന്നിരുന്നു.മഴയത്ത് ആറോ ഏഴോ പേര് കൂടി നില്‍ക്കുന്നു.ഉറക്കെ ബഹളം വയ്ക്കുന്നു.ഞാന്‍ വാടക കൊടുക്കുന്ന വീട്ടില്‍ ആര്‍ക്കാ പ്രശ്‌നം എന്നറിയാന്‍ ഞാന്‍ രണ്ടും കല്പിച്ചു വാതില്‍ തുറന്നു.ഈ സമയത്തിനുള്ളില്‍ പൂട്ടിയിട്ട ഗേറ്റിനു മുകളില്‍ കൂടി ചാടിക്കടന്ന് വീട്ടുടമയുടെ മകന്‍ എന്നും അനന്തിരവന്‍ എന്നും പറഞ്ഞ് രണ്ടുപേരെന്റെ വാതില്‍ക്കലെത്തി.ആരാ മുറിയില്‍ കേറിയതെന്ന ചോദ്യത്തിന് ഞാന്‍ അവളെ വിളിച്ചു മുന്‍പില്‍ നിര്‍ത്തി. സമനില തെറ്റിയെങ്കിലും താഴെ നിലയില്‍ ആല്‍ക്കാരുണ്ടെന്ന ബോധ്യത്തില്‍ ഞാന്‍ സ്വയം നിയന്ത്രിച്ചു.

എന്റെ കിടപ്പുമുറിയില്‍ ജൂണ്‍ 1 ന് വൈകിട്ട് 7 മണിയ്ക്ക്(അതായത് തലേദിവസം 9 മണിയ്ക്ക് വന്നതാണ് ഞാന്‍ എന്നോര്‍ക്കണം)
2 പുരുഷന്മാരെ കണ്ടുവെന്നും നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്നു കണ്ട അവര്‍ പെട്ടെന്ന് പൊയ്ക്കളഞ്ഞുവെന്നും അവരെ നാട്ടുകാര്‍ ഫോണില്‍ വിളിച്ചു പറഞ്ഞുവത്രെ.മാത്രമല്ല പല രാത്രികളിലും പലരും വരാറുണ്ട് ത്രേ. ഇത് പിടിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു എന്ന്.
തലേ ദിവസത്തെ ‘കാണാ..’ ന്നുള്ള മറുപടിയിലെ ഭീഷണി ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്.

ഞാന്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു നില്‍ക്കെ അവരത് കൂടി കൂട്ടിച്ചേര്‍ത്തു. ‘ഇത് മുഴുവന്‍ ആരോപണങ്ങള്‍ മാത്രമാണെന്ന് അവര്‍ക്ക് അറിയാമെന്നും ഒരു പെണ്ണിനെ ഒറ്റയ്ക്ക് താമസിക്കാന്‍ നാട്ടുകാര്‍ ഇവിടെ പൊതുവെ സമ്മതിക്കില്ലെന്നും,അതാണിവിടത്തെ നടപ്പുരീതിയെന്നും’.
വെടക്കാക്കി പുറത്താക്കുക ആണ് അവരുടെ ലക്ഷ്യം എന്ന് ബോധ്യമായി.ഞാന്‍ അവിടെ തുടരുന്നതില്‍ ഓണര്‍ക്ക് കുഴപ്പമില്ല എന്നും പക്ഷെ ‘കടകളില്‍ നിന്ന് സാധനങ്ങള്‍പോലും തരാതെ നാട്ടുകാര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തുമെന്നും’ എനിക്ക് മുന്നറിയിപ്പ് കിട്ടി.

ആദ്യഘട്ടത്തില്‍ മതില് ചാടി കയറി വന്ന അവര്‍ മോശമായി പെരുമാറി എങ്കിലും പിന്നീട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ഇവിടെത്തന്നെ തുടര്‍ന്നോളൂ എന്നും പറഞ്ഞു മടങ്ങി.എന്നാല്‍ അതിനുശേഷം മുറിക്കു പുറത്തു നിന്ന് ആക്രോശങ്ങളും ഭീഷണികളും മുറയ്ക്ക് നടന്നു. ഇത് ഏതാണ്ട് പുലര്‍ച്ചെ 3 വരെ തുടര്‍ന്നു.ഇത്രയോക്കെ സംഭവിച്ചിട്ട് പോലും താഴത്തെ താമസക്കാര്‍ മുറിയും പൂട്ടി അകത്തിരുന്നു.ഒരു രാത്രി മുഴുവന്‍ നീണ്ട അരക്ഷിതാവസ്ഥ, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ,ഉറങ്ങാതെ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയിരുന്നു.

10 കിലോമീറ്ററുകള്‍ക്ക് അപ്പുറം അവനും എന്റെ സുഹൃത്തുക്കളും ഉണ്ട്.വിളിച്ചു വരുത്തിയാല്‍ പോലും നാട്ടുകാര്‍ വീണ്ടും കലാപം തുടരും എന്നറിയാവുന്നതിനാല്‍ എല്ലാ വഴിയും അടഞ്ഞ് ഞങ്ങള്‍ നേരം വെളുപ്പിച്ചു. നേരം വെളുത്ത പാടെ ഞാനുമവളും മറ്റൊരു വീടന്വേഷണം തുടങ്ങി.

കൃത്യമായ അജണ്ടകളുള്ള ഒരു വലിയ കൂട്ടത്തില്‍ എനിക്ക് ചെയ്യാനുള്ളത് വിപ്ലവം ഉണ്ടാക്കലല്ല, അവരെ അവരുടെ വിധികള്‍ക്ക് വിട്ട് ആ പൊട്ടക്കിണര്‍ ഉപേക്ഷിക്കുക എന്നത് മാത്രമാണ്.അത് എന്നോട് സംസാരിക്കാന്‍ വന്ന വീട്ടുടമസ്ഥനോടും മറ്റു ചിലരോടുംമാത്രം വ്യക്തമാക്കി ഞാന്‍ വീടുമാറി. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പെണ്ണിനെ ഭയപ്പെടുകയും തന്റെ മകനോ,ഭര്‍ത്താവോ,അച്ഛനോ അവളുടെ കെണിയില്‍ വീഴുമെന്ന് കരുതുന്ന അവിടത്തെ സ്ത്രീകളോടും,

ആണ്‍ തുണയില്ലാത്ത ഒരു പെണ്ണ് വൈകി വീട്ടില്‍കയറുന്ന ഒരു പെണ്ണ് കറതീര്‍ന്ന ഒരു വെടിയാണെന്ന് കരുതുന്ന അവിടത്തെ പുരുഷന്മാരോടും തികഞ്ഞ സഹതാപം മാത്രം ഇപ്പൊ ബാക്കിയാവുന്നു.പോലീസില്‍ പരാതി നല്‍കാത്തത് ഭയം കൊണ്ടല്ല, തിരിച്ചറിവ് കൊണ്ടാണ്. വിവരമോ സാമൂഹ്യ ബോധമോ,നീതിയോ തൊട്ടുതീണ്ടാത്ത ഒരുകൂട്ടം കഴുതകളെ നന്നാക്കാമെന്ന വ്യാമോഹം ഒട്ടുമില്ലാത്തതു കൊണ്ട്.

Related posts