പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ 2020-21 സീസണ് കിരീടം ലില്ല സ്വന്തമാക്കി. യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ അവസാനം കിരീട അവകാശിയാരെന്ന് നിർണയിക്കപ്പെട്ടത് ഫ്രഞ്ച് ലീഗ് വണ്ണിലായിരുന്നു.
കഴിഞ്ഞ മൂന്ന് തവണയും കിരീടത്തിൽ മുത്തമിട്ട പാരീ സാൻ ഷെർമയ്നെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ഫോട്ടോ ഫിനിഷിംഗിലൂടെ ലില്ല 10 വർഷത്തിനുശേഷം കിരീടത്തിൽ ചുംബിച്ചു. 2011ൽ ഏഡൻ ഹസാർഡ് ടീമിലുണ്ടായിരുന്നപ്പോഴായിരുന്നു ലെസ് ഡോഗ്യൂസ് എന്ന ഓമനപ്പേരുകാരായ ലില്ല മുന്‍പ് ലീഗ് വണ്‍ സ്വന്തമാക്കിയത്.
ലീഗിലെ അവസാന മത്സരത്തിൽ ആങ്കേഴ്സിനെ 2-1നു കീഴടക്കിയതോടെ ലില്ല കിരീടം ഉറപ്പിച്ചു. അതേസമയം, ബെസ്റ്റിനെ 2-0നു കീഴടക്കിയ പിഎസ്ജിക്ക് ചാന്പ്യൻഷിപ്പ് നിലനിർത്താനായില്ല. ലില്ല പരാജയപ്പെടുകയും ബെസ്റ്റിനെതിരേ ജയിക്കാനും സാധിച്ചാൽ കിരീടം നേടാമെന്നുമുള്ള അവസ്ഥയിലായിരുന്നു പിഎസ്ജി ഇറങ്ങിയത്.
കഴിഞ്ഞ ഒന്‍പത് സീസണുകളിൽ ഏഴ് തവണയും കിരീടം പിഎസ്ജിക്കായിരുന്നു. പിഎസ്ജിയുടെ ഈ അപ്രമാദിത്വത്തിലാണ് ലില്ല തിരശീലയിട്ടത്.
കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെടാത്ത ടീമായിരുന്നു ലില്ല. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനക്കാരായിരുന്നു. എന്നാൽ, ഈ സീസണിൽ ആകെയുള്ള 37 ആഴ്ചകളിൽ 18 ആഴ്ചയും ലില്ലയായിരുന്നു പോയിന്റ് ടേബിൾ ലീഡ് ചെയ്തത്. പിഎസ്ജി ഒന്‍പത് ആഴ്ചയും ലിയോണ്‍ മൂന്ന് ആഴ്ചയും ടേബിളിന്റെ തലപ്പത്ത് ഇരുന്നു.
38 മത്സരങ്ങളിൽനിന്ന് 83 പോയിന്റാണ് ലില്ലയുടെ സന്പാദ്യം. 82 പോയിന്റുമായി പിഎസ്ജി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി രണ്ടാമത് ഫിനിഷ് ചെയ്തു. മൊണാക്കോ (78), ലിയോണ്‍ (76) എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.
യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ ഏറ്റവും അധികം ക്ലീൻ ഷീറ്റുള്ള ഗോളി എന്ന നേട്ടം ലില്ലയുടെ മിക് മെയ്ഗ്നൻ സ്വന്തമാക്കി. 21 മത്സരങ്ങളിൽ മെയ്ഗ്നൻ ഗോൾ വഴങ്ങിയില്ല, ലീഗിലെ 38 മത്സരങ്ങളിൽനിന്ന് ആകെ വഴങ്ങിയത് 23 ഗോൾ മാത്രമാണ്.