മരണം വരെയും ഒന്നിച്ചു ജീവിക്കാമെന്ന് വാക്ക് നൽകി കഴുത്തിൽ മിന്നുചാർത്തിയ പ്രിയതമൻ ക്യാലെൻ ഒരു തോക്കിൻ മുനയിൽ ജീവിതം അവസാനിപ്പിച്ചപ്പോൾ തകർന്നു പോയിരുന്നു ഭാര്യ ലില്ലി. ഒരു വർഷങ്ങൾക്കു ശേഷം പ്രിയതമന്റെ മുഖവുമായി ആൻഡി സാഡ്നെസ് എന്നയാൾ മുന്പിൽ വന്നു നിന്നപ്പോൾ ലില്ലി ആദ്യമൊന്നു ഞെട്ടി. പിന്നെ ആ മുഖത്ത് പതിയെ തൊട്ടുനോക്കി. മുഖം മാത്രമേ ക്യാലെന്റേതായുള്ളൂ എന്നു മനസിലാക്കിയ ലില്ലി പൊട്ടിക്കരഞ്ഞു.
കഴിഞ്ഞ വർഷമാണ് എട്ടുമാസം ഗർഭവതിയായിരുന്ന ലില്ലിയെ ഒറ്റയ്ക്കാക്കി ഭർത്താവ് ക്യാലെൻ ജീവിതം അവസാനിപ്പിച്ചത്. ഹൈസ്കൂൾ പഠനകാലത്തിനിടെ മൊട്ടിട്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സന്തോഷകരമായി മുന്പോട്ട് ജീവിതം പോകുന്നതിനിടയിലുണ്ടായ പ്രതിസന്ധിയിൽ തകർന്നുപോയ ക്യാലെൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ക്യാലെന്റെ വേർപാടിൽ തകർന്നുപോയെങ്കിലും അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ലില്ലി തയാറായി.
2006ൽ ഒരു ആത്മഹത്യാശ്രമത്തിനിടെ മുഖം നഷ്ടമായ ആൻഡി സാഡ്നെസിനാണ് ക്യാലന്റെ മുഖം നൽകിയത്. അന്പത്തിയാറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയമായിരുന്നു. നീണ്ട പതിനാറു മാസത്തെ വിശ്രമത്തിനു ശേഷം ലില്ലിയും മകനും ആൻഡിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള വേദിയായത് അമേരിക്കയിലെ മയോ ക്ലിനിക്കാണ്. ആദ്യമായി അച്ഛന്റെ മുഖം കണ്ട ഒരുവയസുകാരൻ ലിയാനോഡ് സാഡ്നെസിനെ സ്പർശിച്ചു. അവസാനിച്ചെന്നു കരുതിയ ജീവിതത്തിന് ഒരു പുനരാരംഭം നൽകിയ ലില്ലിയോട് സാഡ്നെസ് നന്ദി പറഞ്ഞു. ഇനിയും കാണണമെന്ന് പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.