തൃശൂർ: പ്രതിസന്ധികളെ പൊരുതി തോല്പിച്ച് ഹയർസെക്കൻഡറി പരീക്ഷയിൽ വിജയം നേടിയ 68 കാരി ലില്ലി ആന്റണിക്കും മകൻ 39കാരൻ മനോജിനും അഭിനന്ദനം അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഏറെ പ്രതിസന്ധികളെ നേരിട്ടാണ് തൃശൂർ ജില്ലയിലെ മുല്ലശേരി അന്നകര വടുക്കൂട്ട് വീട്ടിൽ ലില്ലി ആന്റണി സാക്ഷരതാ മിഷൻ ഹയർസെക്കൻഡറി രണ്ടാംവർഷ തുല്യതാ പരീക്ഷയും, മകൻ മനോജ് ഒന്നാം വർഷ തുല്യതാ പരീക്ഷയും എഴുതി പാസായത്.
മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരത തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കളാണ് ഇരുവരും.ശാരീരിക അവശതകൾമൂലം ഏഴാം ക്ലാസിൽ പഠനം നിർത്തിയതാണ് മനോജ്.
അമ്മ ലില്ലിയുടെ പ്രോത്സാഹനത്തെതുടർന്ന് സാക്ഷരതാ മിഷൻ തുല്യതാ പഠനത്തിലൂടെ തന്നെ ഏഴാംതരവും പത്താംതരവും വിജയിച്ചു.
മകൻ പ്ലസ് വണ്ണിനു ചേർന്നതോടെ, 1972-ൽ ഉയർന്ന മാർക്കോടെ എസ്എസ്എൽസി പാസായ ലില്ലിയും തുടർപഠനത്തിനു തയാറാകുകയായിരുന്നു.
ഇരുവരും നിരവധി പേർക്കു പ്രചോദനമാണെന്ന് അഭിനന്ദനക്കത്തിൽ വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. തുടർപഠനത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്ന ലില്ലി ആന്റണി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.