താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താനെന്നോടു ചോദിക്ക്…! മലയാളത്തിലെ ഒരു ഹിറ്റ് ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണിത്. അവനവനെപ്പറ്റി ഒരു തിരിച്ചറിവുണ്ടാകുന്നത് എല്ലാവർക്കും നല്ലതാണ്.
നാം നമ്മോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഞാനാരാണ്? ഏതുതരത്തിലുള്ള ആളാണ്? എന്റെ കാഴ്ചപ്പാടുകൾ എന്തൊക്കെയാണ്?
പ്രധാനപ്പെട്ട വിഷയങ്ങളിൽ എന്റെ നിലപാടെന്താണ്? എന്റെ കഴിവുകളും കുറവുകളും എന്ത്? എനിക്ക് ലക്ഷ്യങ്ങൾ ഉണ്ടോ? എങ്കിൽ അതെന്തൊക്കെ? ഈ ചോദ്യങ്ങൾക്കൊക്കെ വ്യക്തമായ ഉത്തരങ്ങളും നമുക്കു വേണം.
അവനവനെപ്പറ്റി വ്യക്തമായ ധാരണയുള്ളവർക്കേ അനുഭവങ്ങളിൽനിന്ന് പഠിക്കാൻ സാധിക്കൂ. അവർക്കേ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാകൂ.
അവരവരുടെ കുറവുകൾ മനസിലാക്കുന്നവനേ അതിന്റെ പോരായ്മകളെ അതിജീവിക്കാൻ കഴിയൂ. നമുക്ക് ഗുണകരമല്ലാത്ത ജീവിതശൈലികളെ മാറ്റിയെടുക്കാൻ കഴിയൂ.
തന്നെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാൾക്ക് മറ്റുള്ളവരെയും മനസിലാക്കാൻ കഴിയും. അവരെ ഉൾക്കൊള്ളാനും അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും കഴിയും.
ചുരുക്കിപ്പറഞ്ഞാൽ സന്തോഷകരമായ ജീവിതത്തിന്, ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ് അവനവനെപ്പറ്റിയുള്ള തിരിച്ചറിവ്.
ഡോ. ജിറ്റി ജോർജ്
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
എസ്എച്ച് മെഡിക്കൽ സെന്റർ
കോട്ടയം
[email protected]