ലിമ: പെറുവിൽനിന്നു കാണാതായ അമേരിക്കൻ പർവതാരോഹകന്റെ മൃതദേഹം 22 വർഷത്തിനുശേഷം കണ്ടെത്തി. 22,000 അടി ഉയരമുള്ള ഹുവാസ്കരൻ പർവതം കയറുന്നതിനിടെ 2002 ജൂണിൽ കാണാതായ വില്യം സ്റ്റാംഫലിന്റെ (59) മൃതദേഹമാണു കണ്ടെത്തിയത്.
മഞ്ഞുവീഴ്ചയ്ക്കിടെയായിരുന്നു ഇദ്ദേഹം അപ്രത്യക്ഷനായത്. തെരച്ചിലും മറ്റും അക്കാലത്ത് നടന്നെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ മഞ്ഞുരുകലിനെത്തുടർന്നാണ് ഇപ്പോൾ മൃതദേഹം വെളിപ്പെട്ടത്.
ദീർഘകാലം മഞ്ഞിനടിയിൽ കിടന്നെങ്കിലും സ്റ്റാംഫലിന്റെ ശരീരവും വസ്ത്രങ്ങളും മറ്റും നശിച്ചിരുന്നില്ല. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ പാസ്പോർട്ടാണു മൃതദേഹം തിരിച്ചറിയാൻ പോലീസിന് സഹായകമായത്.