വേനൽ ചൂടിൽ നാടും നഗരവും ഉരുകുകയാണ്. അസഹനീയമായ ചൂടിൽ നിന്നും ഒരൽപ്പം ആശ്വാസം ലഭിക്കുവാൻ വഴിയോരങ്ങളിലുള്ള ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങളിലും ജ്യൂസ് പാർവലറുകളിലും സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്.
ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിഭാഗവും ജ്യൂസ് കടകളിൽ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നുവെന്ന് കേരള പോലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ചീഞ്ഞതും പഴകിയതുമായ പഴ വർഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞ പാൽ ഉപയോഗിക്കുക, ഗുണ നിലവാരമില്ലാത്ത ഐസ് ഉപയോഗിക്കുക, സർബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടി നൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക തുടങ്ങി ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലാണ് ശീതളപാനിയങ്ങൾ തയാറാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ അനാരോഗ്യകരമായി പ്രവർത്തിക്കുന്ന ശീതളപാനീയ സ്റ്റാളുകൾ ഒഴിവാക്കണമെന്നും കഴിയുന്നതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കണമെന്നും നിർദ്ദേശിക്കുന്നു. കൂടാതെ ഇത് സംബന്ധിച്ച പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.