സ്വന്തം ലേഖകൻ
തൃശൂർ: ചൂട് കത്തിക്കാളുന്പോൾ സർബത്തിനും നാരങ്ങാവെള്ളത്തിനും നാരങ്ങാസോഡയ്ക്കും ഡിമാന്റ് കൂടി. കരിക്കിനും ആവശ്യക്കാരേറെയാണ്. കുപ്പിയിലുള്ള കുടിവെള്ളവും വൻതോതിൽ വിറ്റുപോകുന്നു. നാട്ടിൻപുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെയാണ് ദാഹം ശമിപ്പിക്കാനുള്ള പാനീയങ്ങൾ വിറ്റഴിയുന്നത്.
പലയിടത്തും സൗജന്യമായി കുടിവെള്ളം മണ്പാത്രങ്ങളിൽ വെച്ചിട്ടുണ്ട്. ചെറുതും വലുതുമായ കടകളിലെല്ലാം സോഡ-സർബത്ത് കച്ചവടം പൊടിപൊടിക്കുകയാണ്.നന്നാറി സർബത്ത് സോഡ ചേർത്ത് കഴിക്കുന്നവരും വെള്ളമൊഴിച്ച് കഴിക്കുന്നവരും ഏറെ. സോഡയിൽ നാരങ്ങ പിഴിഞ്ഞ് ഉപ്പിട്ട് കുടിക്കുന്നത് ഉത്തമമെന്ന് മറ്റൊരു കൂട്ടർ.
കരിക്ക് വിൽപന മുൻവർഷത്തേക്കാൾ കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഐസ്ബോക്സിൽ കരിക്ക് സൂക്ഷിച്ച് കൂൾ കരിക്ക് വിൽക്കുന്നവർക്കും നല്ല കച്ചവടം.തണ്ണിമത്തനുകൾ കുന്നുകൂട്ടിയിട്ടിരിക്കുന്ന കാഴ്ചതന്നെ ഉള്ളു തണുപ്പിക്കുന്ന കാഴ്ച. തണ്ണിമത്തൻ ജ്യൂസിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്.പനനൊങ്ക് കച്ചവടക്കാർ പാലക്കാട് ഭാഗത്തു നിന്നും നഗരത്തിൽ എത്തിയിട്ടുണ്ട്. ഇവർ കൊണ്ടുവരുന്ന പനനീരിനും രുചിയേറെ.
നീര എന്ന പ്രകൃതിദത്ത പാനീയത്തിന് ആവശ്യക്കാർ ഏറെയാണെങ്കിലും നീര കിട്ടാനില്ലെന്നതാണ് പ്രശ്നം.സംഭാരത്തിനും മോരുംവെള്ളത്തിനും വേനൽച്ചൂടിൽ കച്ചവടമുണ്ട്. മിൽമയടക്കമുള്ളവർ സംഭാരം വിപണിയിലിറക്കിയിട്ടുണ്ട്. ഇതുകൂടാതെ പലയിടത്തും സംഭാരവിൽപന സജീവമാണ്. പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയുമൊക്കെ ചതച്ചിട്ട സംഭാരം ഒന്നാന്തരം ദാഹശമനിയാണ്.
ഷാർജ ഷെയ്ക്ക് പോലുള്ളവ തേടിയും ആളുകളെത്തുന്നുണ്ട്. ഐസ്ക്രീമുകൾക്കും നല്ല ചിലവാണെന്ന് കച്ചവടക്കാർ.വേനൽ കനക്കുന്നതോടെ ശീതളപാനീയ വിൽപന കുത്തനെ ഉയരുമെന്നതിൽ സംശയമില്ല.