ആലക്കോട് (കണ്ണൂർ): മൈതാനത്ത് വാരിക്കൂട്ടിയ ഓരോ മെഡലും നാളെയുടെ പ്രതീക്ഷകളായിരുന്നു ലിനറ്റ് എന്ന അത്ലറ്റിന്. സ്വർണമെഡലുകൾ നേടിയപ്പോൾ അഭിനന്ദനങ്ങൾക്കൊപ്പം ജോലി വാഗ്ദാനവും സർക്കാരും ജനപ്രതിനിധികളും നല്കി. എന്നാൽ, അതൊന്നും പാലിക്കാതെ വന്നപ്പോൾ അഞ്ചാം ക്ലാസിൽ തുടങ്ങിയ ഓട്ടം അവസാനിപ്പിക്കുകയാണ് തേർത്തല്ലി മൂലോത്തുംകുന്നിലെ കർഷകനായ വടക്കേക്കുറ്റ് ജോർജ്-സോഫിയാമ്മ ദന്പതികളുടെ മകൾ ലിനറ്റ് ജോർജ്. കായികതാരങ്ങളോട് സർക്കാർ ചെയ്യുന്ന കൊടുംപാതകത്തിന് ലിനറ്റും ഇരയായി മാറിയിരിക്കുകയാണ്.
അഞ്ചാം ക്ലാസ് മുതൽ 14 വർഷമായി ഒളിന്പ്യൻ മേഴ്സിക്കുട്ടന്റെ കീഴിൽ എറണാകുളത്തെ അക്കാഡമിയിൽ പരിശീലനം നേടിയ ലിനറ്റ് നിരവധി മത്സരങ്ങളിൽ രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയിട്ടുണ്ട്.2016ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x400 മീറ്റർ റിലേയിൽ സ്വർണവും 2023 ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വെങ്കലവും 2022 ൽ ചെന്നൈയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2016 ൽ സൗത്ത് സോൺ ജൂണിയർ ചാമ്പ്യൻഷിപ്പിൽ വെള്ളിയും പതിനാലാമത് ഫെഡറേഷൻ അണ്ടർ-20 അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ വെള്ളിയും 2016ൽ സൗത്ത് സോൺ ജൂണിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഉൾപ്പെടെ നൂറിലധികം മെഡലുകൾ ലിനറ്റ് സ്വന്തമാക്കി.ഇപ്പോൾ എറണാകുളം മഹാരാജാസ് കോളജിൽ ഒന്നാംവർഷ പിജി വിദ്യാർഥിനിയാണ്.
മത്സരരംഗത്ത് കൂടെയുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ കായിക താരങ്ങൾ ഗസറ്റഡ് റാങ്കിൽ ജോലി ചെയ്യുന്പോഴാണ് ഒരു ജോലി പോലും നല്കാതെ ലിനറ്റിനെ കേരള സർക്കാർ അവഗണിക്കുന്നത്. ബിഎസ്എഫ്, സിആർപിഎഫ് സേനകളിൽ സ്പോർട്സ് ക്വോട്ടയിൽ ജോലിയിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റ് കായിക താരങ്ങളെക്കാൾ അത്ലറ്റുകൾക്കാണ് സർക്കാർ നിയമനങ്ങളിൽ കൂടുതൽ അവഗണനയെന്ന് ലിനറ്റ് പറയുന്നു.
കഴിഞ്ഞ ജനുവരിയിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പോസ്റ്റൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ നൽകിയിരുന്നു ഇന്റർവ്യൂവിന് ശേഷം എറണാകുളം ജില്ലയിൽ നിയമനം ഏതാണ്ട് ലിനറ്റ് ഉറപ്പിച്ചതുമാണ്. എന്നാൽ, അവസാനനിമിഷം ആരുടെയൊക്കയോ ഇടപെടൽ മൂലം സ്പോർട്സ് സർട്ടിഫിക്കറ്റ് അംഗീകരിക്കാതിരിക്കുകയും ജോലി നഷ്ടമാകുകയുമായിരുന്നു.
2016ൽ വിയറ്റ്നാമിൽ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയപ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ പാരിതോഷികം വർഷങ്ങൾക്കുശേഷം 2018 ലെ വെള്ളപ്പൊക്കത്തിന്റെ പേരിൽ തുക വെട്ടിക്കുറച്ച് 72,000 രൂപയാണ് നൽകിയത്. 2023 ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വെങ്കലമെഡൽ നേടിയതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ല. 14 വർഷമായി സ്പോർട്സിൽ തുടർന്നതിനാൽ മറ്റ് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല.
ടോജോ തോമസ്