അഖിൽ ഫിലിപ്പ്
കട്ടപ്പന: പഠിക്കുവാൻ ഏറെയുണ്ട് ലിൻസി ടീച്ചറിൽനിന്നും. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജില്ലയിലെ വനിതകൾക്ക് മാതൃകയാണ് ലബ്ബക്കട കൊച്ചുപറന്പിൽ സെബാസ്റ്റ്യന്റെ ഭാര്യ ലിൻസി ജോർജ്.
താൻ പഠിപ്പിക്കുന്ന മുരിക്കാട്ടുകുടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടു വിദ്യാർഥികൾക്ക് വീട് നിർമിക്കാനുള്ള തയാറെടുപ്പിലാണ് ടീച്ചറിപ്പോൾ.
ഗവണ്മെന്റിൽനിന്നോ മറ്റു ഏജൻസികളിൽനിന്നോ സഹായം കിട്ടാത്ത വിദ്യാർഥികൾക്കാണ് ലിൻസി ടീച്ചർ വീട് നിർമിച്ചുനൽകുന്നത്. താൻ പഠിപ്പിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും പട്ടിണിയിലും ദരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന തിരിച്ചറിവാണ് ലിൻസി ടീച്ചറിനെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
വർഷങ്ങൾക്കുമുന്പ് സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്ന അവസരത്തിൽതന്നെ തന്റെ സ്കൂളിലെ നിർധനരായ വിദ്യാർഥികളെ കണ്ടെത്താൻ ഈ ടീച്ചർക്ക് കഴിഞ്ഞു. ലിൻസി ടീച്ചർ പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടേയും വീടുകൾ സന്ദർശിക്കുകയും കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
സ്കൂളിലെതന്നെ അഞ്ചു കുട്ടികൾക്ക് അഞ്ചു വീടുകൾ സുമനസുകളുടെ സഹായത്തോടെ നിർമിച്ചുനല്കാൻ ടീച്ചറിനു കഴിഞ്ഞു. സംസാര വൈകല്യമുള്ള ഒരു വിദ്യാർഥിനിക്ക് ചികിത്സാചിലവിനായി അന്പതിനായിരത്തിൽപരം രൂപ സമാഹരിച്ചുനൽകാനും സാധിച്ചു.
കുട്ടികളെ പഠനത്തിലും മറ്റു മേഖലകളിലും സ്കൂളിലെ ജോലിക്കുശേഷമുള്ള സമയങ്ങളിൽ സഹായിക്കാനും സ്കൂളിൽ പച്ചക്കറി കൃഷി ചെയ്തിരുന്ന കാലങ്ങളിൽ ജൈവപച്ചക്കറി കൃഷി വിളയിച്ച് അവാർഡ് നേടുന്നതിനും ലിൻസി ടീച്ചറിന് കഴിഞ്ഞിട്ടുണ്ട്.
വിഷരഹിതമായതും പ്രിസർവേറ്റിസ് ചേർക്കാത്തതുമായ നാടൻ കറിപ്പൊടികൾ നിർമിച്ച് അത് സ്കൂളിലെ ഉച്ചഭക്ഷണകറികളിൽ ഉപയോഗിച്ച് വിദ്യാർഥികളുടെ
ആരോഗ്യം സംരക്ഷിക്കാൻ ലിൻസി ടീച്ചർ മുൻകൈ എടുക്കുന്നു. ഭർത്താവ് സെബാസ്റ്റ്യൻ ജോർജ് കുട്ടിക്കാനം മരിയൻ കോളജിൽ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റ് പ്രോഗ്രാം കോ-ഓഡിനേറ്ററാണ്. മക്കൾ: ജോയൽ, ടോം. ഇരുവരും കാഞ്ചിയാർ സെന്റ് മേരിസ് യുപി സ്കൂൾ വിദ്യാർഥികളാണ്.